Latest News

വീണ്ടും ഒരുമിച്ച് നിര്‍മല്‍ ബേബിയും ജെഫിന്‍ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകള്‍

Malayalilife
 വീണ്ടും ഒരുമിച്ച് നിര്‍മല്‍ ബേബിയും ജെഫിന്‍ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകള്‍

സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസും നടന്‍ ജെഫിന്‍ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇതിനോടകം മൂന്ന് ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ഇരുവരും നിരവധി പുതിയ പ്രോജക്ടുകള്‍ക്കായി വീണ്ടും കൈകോര്‍ക്കുകയാണ്.

നിര്‍മല്‍-ജെഫിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് 'വഴിയെ' (2022). മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ, ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്റെ ആദ്യ ഇന്ത്യന്‍ സിനിമ, തുടങ്ങി പ്രത്യേകതകളേറെയായിരുന്നു ഈ ഹൊറര്‍ പരീക്ഷണ ചിത്രത്തിന്.

പിന്നീട് ടൈം-ലൂപ്പ് ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്' (2024) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മൂന്നാമതായി ഈ കൂട്ടുകെട്ട് ഒരുമിച്ചത്  മലയാളത്തിലായിരുന്നില്ല, പകരം കന്നഡ ചിത്രമായിരുന്നു. 2025 ല്‍ പുറത്തിറങ്ങിയ 'അന്തിമ ക്ഷണഗളു' എന്ന ചിത്രത്തിലൂടെ ഇരുവരും തങ്ങളുടെ കന്നഡ അരങ്ങേറ്റം ഗംഭീരമാക്കി.

പിന്നീട് സിനിമ വിതരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിര്‍മല്‍ സംവിധാനത്തില്‍ നിന്നും കുറച്ചു കാലം വിട്ടുനിന്നു. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി എന്ന തന്റെ ചലച്ചിത്ര നിര്‍മ്മാണ-വിതരണ കമ്പനിയിലൂടെ നിരവധി തമിഴ്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങള്‍ വിതരണം ചെയ്തു. മറ്റ് സിനിമകളിലേയ്ക്ക് അവസരങ്ങള്‍ വന്നെങ്കിലും ചില തിരക്കുകളാല്‍ ജെഫിനും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഷോബിന്‍ ഫ്രാന്‍സിസിന്റെ സംവിധാനത്തില്‍ ഇക്കൊല്ലം പുറത്തിറങ്ങിയ 'അമാലി'യില്‍ ഒരു അഥിതി വേഷത്തില്‍ ജെഫിന്‍ എത്തിയിരുന്നു. 

വ്യത്യസ്തമായ കഥപറച്ചില്‍ രീതികള്‍ക്കും പരീക്ഷണാത്മക സിനിമകള്‍ക്കും ശ്രദ്ധേയമായ ഈ കൂട്ടുകെട്ടിന്റെ അടുത്ത സിനിമ തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന 'ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്‌പെരിമെന്റ്' എന്ന സോംബി ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ഓസ്ട്രേലിയന്‍ ഇതിഹാസ താരം റോജര്‍ വാര്‍ഡും സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അടുത്തിടെ ജെഫിന്‍ ജോസഫിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് നിര്‍മ്മല്‍ ബേബി വര്‍ഗീസ് കുറിച്ചത്, 'A combo that's just getting started! Nirmal Baby × Jeffin Joseph - More exciting projects coming soon. Stay tuned!' എന്നായിരുന്നു. നിര്‍മ്മലിന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇരുവരുടെയും വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

ഇരുവരുടെയും ഐ എം ഡി ബി ഫിലിമോഗ്രഫി പ്രകാരം ഈ കൂട്ടുകെട്ടില്‍ പത്തോളം സിനിമകളാണ് പ്രീ പ്രൊഡക്ഷന്‍ സ്റ്റേജില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, തുടര്‍ച്ചയായി വളരുന്ന ഈ സഹകരണം സംവിധായകനും നടനും തമ്മിലുള്ള ദീര്‍ഘകാല കൂട്ടുകെട്ടിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Nirmal Baby Jeffin Joseph team up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES