മോഹന്‍ലാലിനെ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് പ്രശസ്ത സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ സക്കീര്‍ ഖാന്‍.തന്റെ ഇഷ്ട നടനെ കാണാനായതിന്റെ സന്തോഷം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ് സക്കീര്‍.
''മോഹന്‍ലാല്‍ സാറിനെ കണ്ടു, ധന്യനായി'' എന്നാണ് കുറിപ്പിന്റെ ആദ്യ ഭാഗത്ത് സക്കീര്‍ കുറിച്ചത്. ''മുംബൈ വിമാനതാവളത്തില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. ഒരു ആരാധകന്‍ എന്ന നിലയില്‍ ഞങ്ങള്‍ പരിചയപ്പെടുകയും അദ്ദേഹം എന്നോട് സംസാരിക്കുകയും ചെയ്തു'' എന്ന് കുറിച്ചു കൊണ്ടാണ് സക്കീര്‍ തന്റെ അനുഭവം പങ്കുവച്ചത്.
പ്രിയ താരത്തോട് സംസാരിച്ച കാര്യങ്ങള്‍ വിശദമായി തന്നെ ചിത്രത്തിനൊപ്പം സക്കീര്‍ കുറിച്ചിട്ടുണ്ട്. നാഗ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സക്കീര്‍ മോഹന്‍ലാലിനെ കണ്ടത്. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാണ് എന്നുപറഞ്ഞപ്പോള്‍ കേരളത്തില്‍ പരിപാടികള്‍ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
അപ്പോള്‍ അടുത്തയാഴ്ച്ച കൊച്ചിയില്‍ ഒരു പ്രോഗ്രാം ഉണ്ടെന്നും ഏതാണ് ഓഡിറ്റോറിയം എന്നറിയില്ലെന്നും എന്നാല്‍, ഇന്ത്യയിലെ ഏറ്റവും പുതിയതും ഹൈടെക്കുമായ ഒന്നാണെന്നും സക്കീര്‍ പറഞ്ഞു. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ തന്നെ സമീപിക്കാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പിരിഞ്ഞത്.
തന്റെ ഫോണ്‍ നമ്പര്‍ സക്കീറിന് നല്‍കുകയും ചെയ്തു. മോഹന്‍ലാലിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൃപ്പൂണിത്തുറയിലെ ജെറ്റി പെര്‍ഫോമിംഗ് ആര്‍ട്സിലാണ് സക്കീര്‍ ഷോ അവതരിപ്പിക്കുന്നത്. സംഭാഷണത്തിനിടയില്‍ താരം അത് സക്കീറിനോട് പറയുകയും ചെയ്തിരുന്നു.