Latest News

ഒരുതരത്തിലുള്ള കോപ്പിയോ ഇന്‍സ്പിറേഷനോ ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും;  ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടും; ജയ ജയ ജയ ഹേ  കോപ്പിയടിയെന്ന പ്രചരണത്തില്‍ വിപിന്‍ ദാസ് കുറിച്ചത്

Malayalilife
ഒരുതരത്തിലുള്ള കോപ്പിയോ ഇന്‍സ്പിറേഷനോ ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകും;  ഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടും; ജയ ജയ ജയ ഹേ  കോപ്പിയടിയെന്ന പ്രചരണത്തില്‍ വിപിന്‍ ദാസ് കുറിച്ചത്

2022-ല്‍ പുറത്തിറങ്ങി സര്‍പ്രൈസ് ഹിറ്റായ ചിത്രമാണ് ബേസില്‍ ജോസഫ്, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ജയ ജയ ജയ ജയഹേ. പ്രേക്ഷകരും നിരൂപകരും ഒരുപോല മികച്ചതെന്ന് അഭിപ്രായപ്പെട്ട ചിത്രം ഒ.ടി.ടിയിലെത്തിയപ്പോഴും കയ്യടികളോടെയായിരുന്നു സ്വീകരണം. ഇതിനിടെയാണ് കുങ്ഫു സൊഹ്‌റ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ കോപ്പിയാണ് ചിത്രമെന്ന ആരോപണം ഉയര്‍ന്നത്. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിപിന്‍ദാസ്.

വിപിന്‍ ദാസ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

സുഹൃത്തുക്കളെ, എന്റെ സിനിമ ജയ ജയ ജയ ജയഹേ അതിനും ആറു മാസം മുന്‍പേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയില്‍ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള രീതിയില്‍ പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നത് വിഷമത്തോടെയേ കാണാന്‍ കഴിയുന്നുള്ളു... ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകള്‍ കണ്ടത്... ഒരേ പോലെ ഉള്ള ഷോട്ടുകള്‍ അടുപ്പിച്ചു കാണിക്കുമ്പോള്‍ ഒരുപാട് സമാനതകള്‍ കാണാന്‍ പറ്റി... എന്നാല്‍ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയത്തതൊന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല.. അതില്‍ നിന്നും ഒരു സീന്‍ പോലും പകര്‍ത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങള്‍ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവര്‍ക്കും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഉണ്ടായ വിഷമങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് ഈ തെളിവുകള്‍ ഞാന്‍ നിരത്തുന്നത്..

ആറു മാസം മുന്‍പ് ഇറങ്ങിയ സിനിമയില്‍ നിന്നും കോപ്പി അടിച്ചു കഥയുണ്ടാക്കി റിലീസ് ചെയ്യാന്‍ സിനിമയില്‍ എളുപ്പത്തില്‍ സാധ്യമല്ലെന്നു വിവേകമുള്ളവര്‍ക്ക് മനസിലാകുമെന്നു വിചാരിക്കുന്നു. മേല്‍ പറയുന്ന ചിത്രം റിലീസ് ആയതു 9 മാര്‍ച്ച് 2022നാണ്..ഗൂഗിളില്‍ റിലീസ് തീയതി കിടക്കുന്നതു 22 ഒക്ടോബര്‍ 2021 എന്നതുമാണ്. പക്ഷെ റിലീസ് തീയതി മാറുകയും പിന്നീട് മുകളില്‍ പറഞ്ഞ 9 മാര്‍ച്ച് 2022നു റീലീസാകുകയുമാണ് ചെയ്തത്. ജയ ഹേ 2022 ജനുവരി 26നാണ് അനൗണ്‍സ് ചെയ്തത്, മാത്രമല്ല നമ്മുടെ സിനിമയുടെ സ്‌ക്രിപ്റ്റ് അതിനും ഒരു വര്‍ഷം മുന്‍പ് 2020 ഡിസംബറില്‍ തന്നെ ലോക്ക് ചെയ്തിരുന്നു... അതിന്റെ തെളിവായി ഞാന്‍ മെയില്‍ ചെയ്തിരുന്ന PDFല്‍ നായികാ കഥാപാത്രം അടിക്കുന്നതും ബ്ലോക്ക് ചെയ്യുന്നതും ,ചവിട്ടി തെറിപ്പിക്കുന്നതും ,ഫിഷ് ടാങ്കില്‍ വിഴുന്നതും,റീവൈന്‍ഡ് ചെയ്യുമ്പോള്‍ മൊബൈലില്‍ ഫൈറ്റ് കണ്ടു പഠിക്കുന്നതും,പിന്നെ ഇവര്‍ തമ്മിലുള്ള സംഘടനവും എല്ലാം വളരെ വ്യക്തമായി ആ ഡ്രാഫ്റ്റില്‍ എഴുതിട്ടുണ്ട്,അപ്പോള്‍ അതിനൊക്കെ എത്രയോ മുന്നേ ആയിരിക്കും ഞങ്ങളത് എഴുതി തുടങ്ങിയിരിക്കുന്നത് എന്ന് ഊഹിക്കാമല്ലോ. 

ജയ ഹേ തിരക്കഥ രചന 2020 ല്‍ അന്താക്ഷരി പോസ്റ്റ് പ്രൊഡക്ഷന്‍ ടൈമില്‍ എഴുതി തുടങ്ങിയതാണ്.. 29 ഡിസംബര്‍ 2020ല്‍ സ്‌ക്രിപ്റ്റ് തീര്‍ത്ത് മെയില്‍ ചെയ്തതിന്റെ തെളിവും താഴെ കൊടുത്തിട്ടുണ്ട്. 2021 ജനുവരി മുതല്‍ പല പ്രൊഡ്യൂസറിനെയും, അഭിനേതാക്കളെയും സമീപിക്കുകയും ഒടുവില്‍ ഡിസംബര്‍ മാസത്തിലാണ് ബേസില്‍ ജോസഫ്, cheers media , ദര്‍ശന എന്നിവര്‍ സിനിമയിലേക്ക് വരുന്നതും.

മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം മാര്‍ച്ച് 9നു റിലീസ് ആയെങ്കിലും അത് ഫ്രഞ്ച് ഭാഷയിലും ആ രാജ്യത്തും മാത്രമാണ് റിലീസായത്,വരും മാസങ്ങളില്‍ ആയിരുന്നു ബാക്കി രാജ്യങ്ങളിലേക്കുള്ള റിലീസ്...

മെയ് 12നു ഷൂട്ടിംഗ് ആരംഭിച്ച ജയ ജയ ജയ ജയഹേ ജൂണ്‍ പകുതി ആയപ്പോള്‍ തന്നെ തീര്‍ന്നിരുന്നു, ഗൂഗിളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, ഇന്ത്യയില്‍ റിലീസ് ചെയ്യാത്ത മേല്‍ പറഞ്ഞ ഫ്രഞ്ച് ചിത്രം ഓഗസ്റ്റ് 2022 ആണ് പുറം രാജ്യങ്ങളില്‍ അതിന്റെ ott റിലീസും തുടര്‍ന്ന് അതിന്റെ പൈറേറ്റഡ് ടോറന്റ് , ടെലിഗ്രാം ഫയലുകളും അതേ മാസത്തില്‍ തന്നേയാണ് ഇന്റര്‍നെറ്റില്‍ വന്നത്. ജൂണ്‍ ഷൂട്ട് കഴിഞ്ഞ നമ്മുടെ സിനിമ ഒക്ടോബറില്‍ റിലീസും ചെയ്തു.

എന്റെ നിഗമനത്തില്‍ സംഘട്ടന രംഗങ്ങളിലെ സാമ്യത രണ്ടു സംവിധായകരും പഴയ ജാക്കി ചാന്‍, ജെറ്റ് ലി സിനിമകളുടെ ശൈലി പിന്തുടര്‍ന്നത് കൊണ്ടാകാം. ചൈനീസ് ആക്ഷന്‍ സിനിമകളിലെ ലെന്‌സിങ്ങും, ക്യാമറ മൂവ്‌മെന്റും, എഡിറ്റിംഗില്‍ ചൈനീസ് കട്ടും ഉപയോഗിച്ചിട്ടുണ്ട്.

മേല്പറഞ്ഞ ഫ്രഞ്ച് സിനിമ ഇതുവരെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഇനി ഇതിന്റെ ട്രൈലെര്‍ കണ്ട് കോപ്പി അടിച്ചു എന്ന് വിചാരിച്ചാല്‍ പോലും ഫ്രഞ്ച് സിനിമയുടെ ട്രൈലെര്‍ ഇറങ്ങുന്നത് 2022 ജനുവരി 13ല്‍ ആണ്.. അതിനും ഒരു വര്ഷം മുന്‍പ് ലോക്ക് ചെയ്ത സ്‌ക്രിപ്റ്റ് ഞാന്‍ തെളിവായി പോസ്റ്റ് ചെയ്യുന്നുണ്ട്. മാത്രമല്ല 2021 മാര്‍ച്ചില്‍ ആണ് ഞാന്‍ സ്റ്റണ്ട് ഡയറക്ടര്‍ ഫെലിക്‌സിനെ കോണ്‍ടാക്ട് ചെയുന്നത്തും ഏപ്രിലില്‍ കേരളത്തില്‍ എത്തുകയും കൊച്ചിയിലെ ചില വീടുകള്‍ സന്ദര്ശിച്ചു സംഘട്ടനത്തിനു ആവശ്യമായ കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. ആ സംഘട്ടനം നിങ്ങള്‍ സിനിമയില്‍ കണ്ട രീതിയില്‍ വേണമെന്ന് ആദ്യ എഴുത്തില്‍ തീരുമാനിക്കുകയും അഭിനേതാക്കളും നിര്‍മാതാക്കളും എത്തും മുന്‍പേ ഞാന്‍ തീരുമാനിച്ചത് സ്റ്റണ്ട് ഡയറക്ടര്‍ ആണെന്നത് ഇതിന്റെ തെളിവായി കാണാം.<

എന്തെങ്കിലും തരത്തിലുള്ള ഇന്‍സ്പിറേഷന്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ മുന്‍കൂറായി പറയുമായിരുന്നു.രാജേഷ് കാര്‍ വീട്ടില്‍ കയറ്റി ഇടുന്ന സീന്‍ റോമാ എന്ന സിനിമയിലെ ഒരു സീനുമായി സാമ്യം ഉണ്ടായതായി തോന്നിയപ്പോള്‍ ഞാന്‍ അത് എന്റെ സിനിമയില്‍ ഉള്‍ക്കൊളിക്കുകയും അത് ഇന്‍സ്പിറേഷന്‍ ആയി ചെയ്തിട്ടുണ്ടെന്ന് ഇന്റര്‍വ്യൂവില്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

അത് കൊണ്ട് തന്നെ ഒരുതരത്തിലുള്ള കോപ്പിയോ ഇന്‍സ്പിറേഷനോ മേല്പറഞ്ഞ ഫ്രഞ്ച് ചിത്രത്തില്‍ നിന്ന് എടുത്തിട്ടില്ല എന്ന് ഉറപ്പിച്ച് പറയാനാകുംഇനിയും ഈ രീതിയിലുള്ള ദുഷ് പ്രചരണങ്ങള്‍ നടത്തുന്നവരെ നിയമപരമായി നേരിടാന്‍ ജയ ഹേ ടീം തീരുമാനിച്ചിട്ടുണ്ട്.

അതിനാല്‍ അനാവശ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കാനും സത്യം ജനങ്ങള്‍ മനസിലാക്കാനും ഈ പോസ്റ്റ് ഉപകാരപെടുമെന്ന് വിശ്വസിക്കുന്നു. സിനിമ സ്വീകരിച്ചവര്‍ക്കും കൂടെ കട്ടക്ക് നില്‍ക്കുന്നവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.
വിപിന്‍ ദാസ്

 

vipin das fb post jay jay jay jay hey

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES