സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമെന്ന് വിശേഷിപ്പിക്കാവുന്ന സെറ-വനിതാ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒടിയനേയും ആമിയേയും സംസ്ഥാന അവാര്‍ഡ് ജൂറി കനിഞ്ഞില്ലെങ്കിലും ജനകീയ വിധിയില്‍ രണ്ടു സിനിമയ്ക്കും ഒന്നാം സ്ഥാനമാണ് ലഭിച്ചത്. മികച്ച നടനായി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടിയായി മഞ്ജു വാര്യരെയാണ് തിരഞ്ഞെടുത്തത്. നടന്‍ ഇന്നസെന്റില്‍ നിന്നാണ് മികച്ച നടനുള്ള പുരസ്‌കാരം മോഹല്‍ലാല്‍ ഏറ്റുവാങ്ങിയത്.
ഒടിയനിലെ അഭിനയത്തിന് ആഗോള തലത്തില്‍ മോഹല്‍ലാലിന് ഏറെ പ്രശംസയാണ് ലഭിച്ചത്. ഒടിയനിലും ആമിയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചതിനാണ് മഞ്ജു വാര്യരെ മികച്ച നടിക്കുള്ള പുരസ്‌കാരം തേടിയെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ പടിവാതിലില്‍ ഒടിയനും ആമിയും എത്തിയിരുന്നെങ്കിലും അവാര്‍ഡ് അവസാന നിമിഷം ലഭിച്ചിരുന്നില്ല. മോഹന്‍ലാലിന് പുരസ്‌കാരം നല്‍കാത്തതിനെ ചൊല്ലി ജൂറി അംഗങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നതും വാര്‍ത്തായിയരുന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനേയും മഞ്ജുവിനേയും തേടി പുരസ്‌കാരം എത്തിയത്.
വര്‍ണാഭമായ കലാപ്രകടനങ്ങളോടെയാണു മലയാളത്തിലെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര പുരസ്‌കാരമായ സെറ-വനിത ഫിലിം അവാര്‍ഡ് നിശ ഫോര്‍ട്ട്കൊച്ചി ബ്രിസ്റ്റോ ഗ്രൗണ്ടില്‍ നടന്നത്. ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ഒട്ടനവധി താരങ്ങളാണ് അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയത്.
'ഈ.മ.യൗ' ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജോജു ജോര്‍ജിന് സ്പെഷല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം ലഭിച്ചു. മികച്ച കുടുംബ നായകന്‍ എന്ന പുരസ്‌കാരം നടന്‍ ജയറാമിനെ തേടിയെത്തിയപ്പോള്‍ പുതുമുഖ നായകന്‍ എന്ന അവാര്‍ഡ് മകന്‍ കാളിദാസിനെ തേടിയെത്തിയതും വേദിയില്‍ അപൂര്‍വ്വ നിമിഷം സൃഷ്ടിച്ച ഒന്നായി മാറി. തമിഴില്‍ നിന്നും ധനുഷാണ് മികച്ച നടന്‍. മലയാളത്തിന്റെ പ്രിയതാരം ബാലചന്ദ്ര മേനോനെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും ജനകീയ തിരഞ്ഞെടുപ്പില്‍ തേടിയെത്തി.
മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ഷൈജു ഖാലിദിനാണ്. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം മനോജ് കെ.ജയനില്‍ നിന്ന് എം.ജയചന്ദ്രന്‍ ഏറ്റുവാങ്ങി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യതാരം. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം റഫീക്ക് അഹമ്മദ് ഏറ്റുവാങ്ങി. വിനീത് ശ്രീനിവാസനും നിഖിലയുമാണു മികച്ച താരജോഡികള്‍. മികച്ച ഡ്യുയറ്റ് സോങ് പുരസ്‌കാരം ശ്രേയാ ഘോഷാലിനും സുദീപ് കുമാറിനുമാണ്. ഒടിയനിലെ 'കൊണ്ടോരാം..' എന്ന ഗാനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ഷാഹി കബീറിനു നടന്‍ വിനയ് ഫോര്‍ട്ട് സമ്മാനിച്ചു. ദിനേശ് മാസ്റ്ററാണു മികച്ച നൃത്ത സംവിധായകന്‍. ഇദ്ദേഹത്തിനു നടന്‍ ജയറാം പുരസ്‌കാരം സമ്മാനിച്ചു. സക്കരിയയാണു (സുഡാനി ഫ്രം നൈജീരിയ) മികച്ച പുതുമുഖ സംവിധായകന്‍.
മിന്നിത്തിളങ്ങുന്ന വെള്ളി വെളിച്ചത്തിനിടയിലൂടെ വെള്ളിത്തിരയിലെ താരങ്ങള്‍ കത്തി ജ്വലിച്ച താരമാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചി കണ്ടത്. നൂതന ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളില്‍ ഒരുങ്ങിയ വേദിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറിയിരുന്നു.
ബോളിവുഡ് താരറാണിമാരായ കരീന കപൂറും സണ്ണി ലിയോണും ചടുല താളങ്ങളുമായി നിറഞ്ഞ വേദിയില്‍ ഹിന്ദി തമിഴ് സിനിമാ രംഗത്തു നിന്നും അതിഥി റാവു, ഹന്‍സിക മോട്വാനി എന്നിവരും എത്തി.
ശാസ്ത്രീയ നൃത്തത്തിന്റെ ഭംഗി സിനിമാറ്റിക് രീതിയുടെ ചടുലതയുമായി ചേര്‍ന്നു വേദിയിലെത്തിക്കുന്നതില്‍ അഗ്രഗണ്യരായ രണ്ട് നര്‍ത്തകരുടെ നൃത്ത വിരുന്നായിരുന്നു താര രാവിന്റെ മറ്റൊരു ആകര്‍ഷണം. ആശാ ശരത്തും റിമ കല്ലിങ്കലും ഒപ്പം അനു സിത്താരയുമാണ് വേദിയെ നൃത്തസമ്പന്നമാക്കിയത്.
'96' ന്റെ സംഗീത സംവിധായകനും ഗായകനും മലയാളിയും യുവ ആസ്വാദകരുടെ ഹരവുമായ ഗോവിന്ദ് വസന്ത, ബോള്‍ഡ് സിങ്ങിങ്ങിലൂടെ സിനിമാ ഗാനാസ്വാദകരുടെ ലഹരിയായി മാറിയ നടി ശ്രുതി ഹാസന്‍, ന്യൂ ജനറേഷന്റെ പ്രിയ ഗായിക സന മൊയ്തുട്ടി തുടങ്ങിയവര്‍ ഫിലിം അവാര്‍ഡ് വേദിയെ സംഗീത മഴയില്‍ ആറാടിച്ചു.