ഷെഫീക്കിന്റെ സന്തോഷത്തി'ലെ പ്രതിഫല തര്‍ക്ക വിവാദം കത്തി നില്‍ക്കുന്നതിനിടയില്‍ നടന്‍ ബാലയ്ക്കെതിരെ വീണ്ടും തെളിവുകള്‍ നിരത്തി നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് സംസാരിക്കുന്ന ബാലയുടെ വീഡിയോ ആണ് ഉണ്ണി മുകുന്ദന്‍ പുതിയതായി പങ്കുവച്ചിരിക്കുന്നത്.
നിങ്ങള്‍ക്ക് നല്ലത് മാത്രം സംഭവിക്കട്ടെ എന്ന തലക്കെട്ടോടെ ഉണ്ണിമുകുന്ദന്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്.എന്തുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തുന്ന ബാലയുടെ പഴയൊരു വീഡിയോ ആണ പങ്കുവച്ചിരിക്കുന്നത്.
'ഞാനൊരു പടം നിര്‍മിച്ചപ്പോള്‍ കഥാപാത്രത്തെക്കുറിച്ച് പോലും ഒരു വാക്ക് ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ അഭിനയിക്കുമെന്ന് ഉണ്ണിയോട് ഞാന്‍ പറഞ്ഞിരുന്നു. ഉണ്ണി വിളിച്ചപ്പോള്‍ ഇത് നിനക്കുവേണ്ടി ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. ഉണ്ണിയൊരു നായകനായിട്ടോ, നടനായിട്ടോ കണ്ടിട്ടല്ല അങ്ങനെ പറഞ്ഞത്. ഒരു നല്ല മനസ് അവനുള്ളതുകൊണ്ടാണ്.
ഉണ്ണി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വന്നപ്പോഴുണ്ടായ അനുഭവവും ഞാന്‍ ഓര്‍ക്കുന്നു. എന്റെ കയ്യില്‍ പിടിച്ച്, 'നിങ്ങളെപ്പോലുള്ള ആളുകള്‍ സിനിമയില്‍ തിരിച്ചുവരണം.ആ നല്ല മനസ് സിനിമ ഇന്‍ഡസ്ട്രിയില്‍ കുറച്ച് പേര്‍ക്കേ ഉള്ളൂ'വെന്നൊക്കെ ഉണ്ണി പറഞ്ഞിരുന്നു.' -എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. ബാലയ്ക്ക് എല്ലാ ആശംസകളുമെന്ന അടിക്കുറിപ്പോടെയാണ് ഉണ്ണിമുകുന്ദന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രതിഫലം തരാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്ന് ആരോപിച്ച് ബാല രംഗത്തെത്തുകയായിരുന്നു സിനിമയിലെടെക്നീഷ്യന്മാര്‍ക്ക് ശമ്പളം കൊടുക്കാതെ പറ്റിച്ചുവെന്നായിരുന്നു ആരോപണം.തനിക്കും പ്രതിഫലം നല്‍കിയില്ല എന്നും ബാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബാലയ്ക്കെതിരെ ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിച്ചതിന് ബാലയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും രണ്ടു ലക്ഷം രൂപ നല്‍കിയതിന്റെ തെളിവും ഉണ്ണി പുറത്ത് വിട്ടിരുന്നു.
സൗഹൃദമാണ് എല്ലാം, അതിനാല്‍ പ്രതിഫലം വേണ്ട എന്ന് പറഞ്ഞാണ് അഭിനയം തുടങ്ങിയത്. എന്നിട്ടും ഡബ്ബിങ് സമയത്ത് ബാലയ്ക്ക് പണം നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ട്രോളുകള്‍ ഹിറ്റായെന്നു കരുതി കൂടുതല്‍ പ്രതിഫലം നല്‍കാന്‍ പറ്റില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.