മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയെ കണ്ട സന്തോഷം പങ്കുവച്ച് ടൊവിനോ തോമസ്. ധോണിയോട് തനിക്കുള്ള ആരാധനയെ കുറിച്ചും ടൊവിനോ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു ധോണിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഓണ്‍സ്‌ക്രീനില്‍ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
'ക്യാപ്റ്റന്‍ കൂളിനൊപ്പം സമയം ചിലവഴിച്ചത് മികച്ചൊരു അനുഭവമായിരുന്നു. നമ്മള്‍ ഓണ്‍സ്‌ക്രീനില്‍ കണ്ട അതേ വ്യക്തിത്വം തന്നെ, വളരെ കൂളായ പക്വതയുള്ള വ്യക്തി. ഞങ്ങള്‍ മികച്ച സംഭാഷണങ്ങള്‍ നടത്തി. ഈ അവസരം ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണ് അദ്ദേഹം. നിങ്ങളുടെ ശോഭനമായ യാത്രയ്ക്ക് കൂടുതല്‍ മിഴിവുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ധോണിയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്ത് ടൊവിനോ കുറിച്ചു.
പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ടൊവിനോ അടക്കമുള്ള മറ്റ് പ്രമുഖര്‍ക്ക് ധോണി 'ഞാന്‍ സാക്ഷിയുടെ' കോപ്പികള്‍ സമ്മാനിച്ചിരുന്നു. ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്. അധ്യാപനം ഒരു കലയാണെന്നും അധ്യാപകരെ ഏറെ ബഹുമാനിക്കുന്നുവെന്നും ധോണി ചടങ്ങില്‍ പറഞ്ഞിരുന്നു.
ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളാണ് അണിയറയില്‍ ടൊവിനോയുടേതായി ഒരുങ്ങുന്നത്. അടുത്തിടെ അദൃശ്യ ജാലകങ്ങള്‍എന്ന ചിത്രത്തിലെ തന്റെ ലുക്ക് ടൊവിനോ ആരാധകരുമായി പങ്കിട്ടിരുന്നു. ഡോ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പേരില്ലാത്ത കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
അതേസമയം, 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രമാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂര്‍ണമായും 3 ഡിയിലാണ്. നവാഗതനായ ജിതിന്‍ ലാല്‍ ആണ് സംവിധാനം. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാര്‍ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്.