മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം കുടുംബവിശേഷങ്ങളും പങ്ക് വക്കാറുണ്ട്.
ഇപ്പോഴിതാ അപ്പന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തിന് ആശംസകളറിയിച്ച് ടൊവിനോ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. '40 വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടര്‍ന്നു പന്തലിച്ചു'എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ചിത്രത്തില്‍ ടൊവിനോയുടെ ചേട്ടന്റെയും ചേച്ചിയുടെയും കുടുംബത്തെയും കാണാം. കൂടുമ്പോള്‍ ഇമ്പം ഉളളത് കുടുംബം എന്നും ടൊവിനോ കുറിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഫിന്‍ലാന്‍ഡ് യാത്രയിലാണ് ടൊവിനോയിപ്പോള്‍.
ഫിന്‍ലാന്‍ഡില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. നടി അഹാന കൃഷ്ണ നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണണമെന്ന് കമന്റിട്ടപ്പോള്‍ അതു തന്നെയാണ് പ്ലാന്‍ എന്നായിരുന്നു ടൊവിനോയുടെ മറുപടി.
താരങ്ങളായ ബേസില്‍ ജോസഫ്, റിമി ടോമി, ചെമ്പന്‍ വിനോദ്, അപര്‍ണ, മാത്തുക്കുട്ടി എന്നിവരും വിവാഹ വാര്‍ഷികാശംസകള്‍ അറിയിച്ചിട്ടുണ്ട്.ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ നീലവെളിച്ചം ആണ് ടൊവിനോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 2018ആണ് ടൊവിനോയുടെ ഇനി റിലീസിനെത്തുന്ന ചിത്രം. മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും.