ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി അന്തരിച്ച നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. മലയാളം സിനിമയിലെ 'പവര്‍ ഗ്രൂപ്പ്' എന്ന് ഹേമ കമ്മറ്റി വിശേഷിപ്പിച്ച സംഘത്തിലെ ഒരാളില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് സോണിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തിലകന്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. തുടര്‍ന്നാണ് സോണിയ പ്രതികരണവുമായി രംഗത്തു വന്നത്.
സിനിമയിലെ പതിനഞ്ചംഗ സംഘം പ്രത്യേക അജണ്ടവച്ച്, മാഫിയയെപ്പോലെ തിലകനോട് പെരുമാറുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു. തിലകന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തോടു ചെയ്ത കാര്യങ്ങങ്ങളില്‍ കുറ്റബോധമുണ്ടെന്ന് പറഞ്ഞ് ഒരു പ്രധാന നടന്‍ തന്നെ വിളിച്ചുവെന്നും പിന്നീട് മോശമായി പെരുമാറിയെന്നും സോണിയ ആരോപിച്ചു.
സോണിയയുടെ വാക്കുകള്‍..
അച്ഛനെ പുറത്താക്കിയതില്‍ പലര്‍ക്കും പിന്നീട് കുറ്റ ബോധം ഉണ്ടായിരുന്നു. അതില്‍ മാപ്പു പറയണമെന്ന് ഒരു നടന്‍ പറഞ്ഞു. അങ്ങനെ അയാളുമായി സംസാരിച്ച സാഹചര്യത്തില്‍ മോളെ (സോണിയ) നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരുപാട് തവണ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. വീണ്ടും മെസേജുകളിലൂടെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ദുരുദ്ദേശം മെസേജുകളില്‍ വ്യക്തമായിരുന്നു.
സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം നേരിടേണ്ടി വന്നാല്‍ സിനിമയില്‍ അഭിനയിക്കുന്ന ചെറിയ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ആരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. അങ്ങനെ? ഒരു അവസ്ഥ വന്നാല്‍ വെളിപ്പെടുത്തും. പവര്‍ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച സംഘത്തിലെ വ്യക്തിതന്നെയാണ് മോശമായി പെരുമാറിയത്,' സോണിയ തിലകന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയാളം സിനിമയിലെ താര സംഘടന പിരിച്ചുവിടണമെന്നും സോണിയ ആവശ്യപ്പെട്ടു. നടന്മാരെ പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടനം? ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇതിനുവേണ്ട നടപടി എടുക്കുകയാണ് വേണ്ടത്.
മറ്റു മേഖല പോലെയല്ല സിനിമ. ഇവിടെ? ഇങ്ങനെ ഒരു സംഘടന രൂപീകരിച്ചുവച്ചാല്‍ കഴിവുള്ളവര്‍ക്ക് മുന്നോട്ട് വരാന്‍ അവസരം ലഭിക്കില്ല. അവര്‍ക്ക് പലതും നഷ്ടപ്പെടുത്തേണ്ടി വരും. സ്വതന്ത്രമായ ആവിഷ്‌കാരം ഇപ്പോള്‍ മലയാളം സിനിമയില്‍ ഉണ്ടാകുന്നില്ല. പവര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നത്. നല്ല ഷര്‍ട്ട് ഇട്ടുകൊണ്ട് വന്നതിന്റെ പേരില്‍ പോലും അഭിനയിപ്പിക്കാതെ പുറത്താക്കിയ സംഭവങ്ങള്‍ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, സോണിയ പറഞ്ഞു.
'അമ്മ' എന്ന സംഘടന ഒരു കോടാലിയാണെന്ന് തുറന്നു പറഞ്ഞതിനാലാണ് അച്ഛനെതിരെ നടപടി ഉണ്ടായത്. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്തുകൊണ്ട് ഈ വിഷയങ്ങളില്‍ കാണിക്കുന്നില്ല. ഇരട്ടത്താപ്പ് നയം ഒരിക്കല്‍ ചോദ്യം ചെയ്തതാണ് എന്നും സോണിയ തിലകന്‍. ആരുടേയും പേരുകള്‍ പുറത്തു പറയില്ല എന്ന് താന്‍ പറയുന്നില്ല എന്നും സാഹചര്യമുണ്ടായാല്‍ പറയുമെന്നും സോണിയ തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തുടര്‍ച്ചയായി അവാര്‍ഡ് കിട്ടിയപ്പോള്‍ അവാര്‍ഡ് കുത്തുക പൊളിക്കാന്‍ ആയിരുന്ന സംഘടനയാണ് ഇതിന് പിന്നിലെന്നും സീരിയലില്‍ നിന്നും അച്ഛനെ വിലക്കിയത് ആരാണെന്ന് അച്ഛന് വ്യക്തമായി അറിയാമെന്നും സോണിയ പറയുന്നു. ആ വ്യക്തിയെക്കുറിച്ച് പറഞ്ഞതിനാണ് അച്ഛന്റെ കാറൊക്കെ അടിച്ച് പൊളിച്ചതെന്നും മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സോണിയ തിലകന്‍ വ്യക്തമാക്കി.
ഈ സംഭവങ്ങള്‍ക്ക് പിന്നാലെ വീട്ടിലേക്ക് ഒരു ഭീഷണിക്കത്ത് വന്നിരുന്നു. നേരിട്ട് പറയാതെ മഹാഭാരത കഥ സൂചിപ്പിച്ചുകൊണ്ടായിരുന്നു ആ കത്ത്. ആ രീതിയിലൊക്കെ അച്ഛനെ മാനസികമായി തളര്‍ത്തി. ഹേമ കമ്മിറ്റി ആ പേര് പുറത്ത് പറയാത്തിടത്തോളം കാലം ഞാനും അതിനെക്കുറിച്ച് പറയുന്നില്ല. എങ്കിലും അവരൊക്കെ സമൂഹത്തിന്റെ തലപ്പത്തുണ്ട്.
ഇവരൊന്നും അറിയാതെ ഇവിടെ ഒരു ഇല പോലും അനങ്ങില്ല. അച്ഛന്‍ അദ്യമായി സിനിമ രംഗത്തെ വിഷയങ്ങള്‍ പുറത്ത് പറയുന്നത് 2010 ലാണ്. അച്ഛനുമായുള്ള പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് സംഘടനയുടെ മീറ്റിങ് നടക്കുമ്പോള്‍ പുറത്ത് ഏതാണ്ട് അറുപതിലേറെ ഗുണ്ടകളെ സജ്ജമാക്കി നിര്‍ത്തിയിരുന്നു. ഇത് ഒരു മാഫിയ ആണെന്ന് അന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആരും മുഖവിലയ്ക്ക് എടുത്തില്ല.
ആ സംഘടനയുടെ ബൈലോ പ്രകാരം ഇക്കാര്യങ്ങളൊന്നും പുറത്ത് പറയാന്‍ പാടില്ലെന്നാണ്. എന്നാല്‍ അച്ഛന്‍ അതെല്ലാം തുറന്ന് പറഞ്ഞു. സിനിമാക്കാരെ ഭയക്കേണ്ട കാര്യം എനിക്കില്ല. കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ അവരെ കാണുന്നതാണ്. വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പെരുമാറിയിരുന്നത്. വ്യക്തിപരമായ കാര്യങ്ങളും ഇവര്‍ അച്ഛനുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി. ഒരു മേശക്ക് ചുറ്റും ഇരുന്ന് സംസാരിച്ച് തീര്‍ക്കേണ്ട വിഷയമാണ് ഈ നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. അംഗങ്ങളെ പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഈ സംഘടന പിരിച്ചു വിടുകയാണ് വേണ്ടത്