ഒരുകാലത്ത് കേരളക്കരയെ ആകമാനം ഇളക്കി മറിച്ച ആല്‍ബമായിരുന്നു ഖല്‍ബാണ് ഫാത്തിമ. എന്നാൽ ഇപ്പോൾ ആല്‍ബത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഗായകനായ താജുദ്ദീന്‍ വടകര. തന്റെ നഷ്ടപ്രണയമാണ് ഖല്‍ബാണ് ഫാത്തിമ എന്ന ആല്‍ബത്തിന് പിന്നില്‍ എന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത്.
പ്രണയമുണ്ടായിട്ടുണ്ട്. എന്റെ ജീവിതവുമായി ബന്ധമുള്ള പാട്ടാണ്. മംഗല്യം കഴിക്കാതെ എന്ന അഫ്സല്‍ ഇക്ക പാടിയ പാട്ട് ആ സമയത്ത് ഞാനെഴുതിയ ഒരു കത്തായിരുന്നു. അതേക്കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ സംസാരിക്കാറില്ല. ഞങ്ങള്‍ സ്നേഹപൂര്‍വ്വം തന്നെ പിരിഞ്ഞതാണ്. അതേക്കുറിച്ച് ഞാന്‍ ഓര്‍ക്കാറില്ല. അവരെക്കുറിച്ച് ചിന്തിക്കാറില്ല. അവരിപ്പോള്‍ എവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകാം.
ആ പാട്ടിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല. ആദ്യം ദൈവത്തിനും, ജനങ്ങള്‍ക്കുമാണ്. പിന്നെ ഒരാളുണ്ട്. ശരിക്കും ആ പാട്ട് പാടാനിരുന്നത് ഞാനായിരുന്നില്ല. അഫ്സല്‍ ഇക്കയ്ക്ക് വേണ്ടിയൊരുക്കിയ പാട്ടായിരുന്നു അത്. അദ്ദേഹമന്ന് സിനിമയിലൊക്കെ തിളങ്ങി നില്‍ക്കുന്ന സമയമാണ്. അദ്ദേഹത്തിന് വേണ്ടി, ഞാനന്ന് മിമിക്രിയൊക്കെ ചെയ്യുമായിരുന്നു, ആ ശബ്ദം അനുകരിച്ചു കൊണ്ട് ട്രാക്ക് പാടിയതായിരുന്നു ഞാന്‍. സ്റ്റുഡിയോയില്‍ നിന്നും പാടിക്കൊടുക്കാനുള്ള ഭയമായിരുന്നു. അന്ന് സൗണ്ട് എഞ്ചിനീയര്‍ ആയിരുന്നത് സതീഷേട്ടനായിരുന്നു. എന്റെ വാപ്പയുടെ അടുത്ത സുഹൃത്താണ്. അദ്ദേഹം പറഞ്ഞു, ആ പാട്ടിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് പാടിയത് സതീഷേട്ടനാണ്. ആ പാട്ട് മാറ്റി വെക്കൂ, അത് താജുദ്ദീന്‍ തന്നെ പാടട്ടെ എന്ന് പറഞ്ഞു. ഞാന്‍ പാടാനിരുന്ന മംഗല്യം കഴിക്കാതെ എന്ന പാട്ട് അഫ്സലിക്ക പാടട്ടെ എന്നും പറഞ്ഞു. ആ പാട്ട് പാടാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. സതീഷേട്ടന്റെ വാക്ക് നിര്‍മ്മാതാക്കള്‍ കേട്ടു. അങ്ങനെ എന്റെ ആശയും നടന്നു.
സത്യത്തില്‍ ഞാന്‍ ട്രാക്ക് പാടിയ പാട്ടാണ് മിക്സ് ചെയ്തിരിക്കുന്നത്. അഫ്സലിക്ക നന്നായി പാടണമെന്ന് കരുതി ഞാന്‍ നന്നായി പാടി. പക്ഷെ ഞാന്‍ പാടിയപ്പോള്‍ ആ ഫീല്‍ കിട്ടിയില്ല. അതോടെ ഫാത്തിമ എനിക്കൊരു ലോട്ടറിയായി മാറുകയായിരുന്നു. ആ പാട്ടോടെ എനിക്ക് കൂടുതല്‍ കിട്ടിയത് നല്ല ഉമ്മമാരേയും ഉപ്പമാരേയും സഹോദരിമാരേയും കിട്ടി. ജീവിതത്തിന്റെ പല വേദനകളും അനുഭവിക്കുന്നവര്‍ കേള്‍ക്കുന്നതാകും നമ്മളുടെ പാട്ടുകള്‍. അവര്‍ക്ക് ഇഷ്ടമാകും. അവര്‍ നമ്മള്‍ വിളിക്കുന്നത് സ്വാഭാവികമാണ്. സത്യത്തില്‍ ഇപ്പോഴാണ് അത്തരം വിളികള്‍ കൂടുതല്‍. ഞാനവരെ മനസിലാക്കി തന്നെയാണ് സംസാരിക്കുക. നമ്മളുടെ സമീപനം നന്നാകുമ്‌ബോള്‍ അതൊക്കെ നല്ല സൗഹൃദങ്ങളായി മാറും. ഒരുപാട് പ്രാര്‍ത്ഥനകള്‍ കിട്ടും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഒരുപാട് പേര്‍ വിളിക്കും.
ഫാത്തിമ എന്ന പ്രണയിനിയുള്ളവര്‍ എന്റെ അടുത്ത് വന്നിട്ടുണ്ട്. കത്തിന് പകരം ഈ പാട്ടും കൊടുത്തവര്‍. നേരിട്ട് പറയാന്‍ മടിച്ച് ഈ പാട്ടും കത്തും കൊടുത്ത് പിന്നീട് കല്യാണം കഴിക്കുക വരെ ചെയ്തവര്‍ എന്റെ അടുത്ത് വന്നിട്ടുണ്ട്. മക്കളായ ശേഷം വന്നിട്ടുണ്ട്. കലാജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു സംഭവമുണ്ട്. നാദാപുരത്ത് ഭൂമിവാതിക്കല്‍ എന്നൊരു സ്ഥലമുണ്ട്. അവിടെയൊരു സ്‌കൂളില്‍ അതിഥിയായി പോയിരുന്നു. ഒന്ന് രണ്ട് പാട്ടൊക്കെ പാടി. അവിടെ അന്നൊരു ചെറിയ കുട്ടിയുണ്ടായിരുന്നു. അവളോട് മോള്‍ വലുതായി കല്യാണം കഴിക്കുമ്പോള്‍ താജുക്ക ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇക്കയെ കല്യാണത്തിന് വിളിക്കണമെന്ന് പറഞ്ഞു. തമാശയ്ക്കൊരു വര്‍ത്താനം പറഞ്ഞ് പിരിഞ്ഞതാണ്. ഒരു വര്‍ഷം മുമ്പ് അവരുടെ കുടുംബം എന്നെ കാണാന്‍ വന്നു. മകളുടെ കല്യാണമാണ്. അന്ന് നിങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായി മകള്‍ പറഞ്ഞതുകൊണ്ട് വന്നതാണെന്ന്. ഇന്ന് എന്റെ അടുത്ത ഫാമിലിയാണ് അവര്‍. അന്ന് ഞാനത് വെറുതെ പറഞ്ഞതായിരുന്നു. ആ കുഞ്ഞ് അത് മനസിലിട്ടിരുന്നു. ഞാന്‍ ആ കല്യാണത്തിന് പോവുകയും ചെയ്തു. ഇതൊക്കെ വല്ലാതെ ഫീല്‍ ചെയ്യുന്ന സംഭവമാണ്. മഹാഭാഗ്യമാണ്.