തമിഴ്നാട് സര്‍ക്കാര്‍ 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവാര്‍ഡ് ദാന ചടങ്ങ് ബുധനാഴ്ച (06/03/2024) ടി എന്‍ രാജരത്‌നം കലൈ അരങ്ങില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി മന്ത്രി എം പി സാമിനാഥന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
1967-ലാണ് ആദ്യമായി തമിഴ്നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2008-ന് ശേഷം അത് നിര്‍ത്തലാക്കിയിരുന്നു. തമിഴ് സിനിമയുടെ പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അവാര്‍ഡുകള്‍ പുനരാരംഭിക്കുന്നതിനുള്ള സര്‍ക്കാരിനെ സമീപിക്കുമെന്ന് ചെയര്‍മാന്‍ വിശാല്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നീട് 2017 ല്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നിരുന്നു. 2009-നും 2014-നും ഇടയില്‍ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങളായിരുന്നു ആ വര്‍ഷം നല്‍കിയത്.
നടക്കാനിരിക്കുന്ന പുരസ്‌കാര ദാന ചടങ്ങില്‍ മികച്ച നടനായി മാധവനും (ഇരുതി സുട്രു), മികച്ച നടിയായി ജ്യോതികയും (36 വയതിനിലെ) തെരഞ്ഞെടുക്കപ്പെട്ടു. തനി ഒരുവന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെ അരവിന്ദ് സ്വാമി മികച്ച വില്ലനായി. ഇരുതി സുട്രുവിലൂടെ സുധ കൊങ്കരയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്.