രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ സിനിമ 'ജയിലര്‍' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. തമന്നയാണ് 'ജയിലറി'ല്‍ നായികയായിഎത്തുന്നത്. 'ജയിലറി'ന്റെ സെറ്റിലെ നിമിഷങ്ങള്‍ തന്റെ ജീവിതത്തിലെ മനോഹരമായവ ആണെന്ന് നടി തമന്ന വ്യക്തമാക്കുന്നു. സ്പിരിച്വല്‍ ജേര്‍ണി സംബന്ധിച്ച പുസ്തകം തനിക്ക് നടന്‍ രജനികാന്ത് സമ്മാനമായി നല്‍കിയെന്നും തമന്ന വെളിപ്പെടുത്തി.
' സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഞാന്‍. ജയിലറിന്റെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. ഭൗതീക ജീവിതത്തിലെ ചിന്തകളടങ്ങിയ ഒരു പുസ്തകമാണ് എനിക്ക് അദ്ദേഹം സമ്മാനിച്ചത്. അതില്‍ സാറിന്റെ ഓട്ടോഗ്രാഫുമുണ്ടായിരുന്നു''. ഒരു ദേശീയ മാധ്യമത്തിനോട് തമന്ന തന്റെ സന്തോഷം പങ്കുവെച്ചു.
രജനികാന്തിന്റെ 169-ാമത് ചിത്രമാണ് ജയിലര്‍. മുത്തുമേവല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനി കാന്ത് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. മോഹന്‍ലാലിനെ കൂടാതെ മലയാളത്തില്‍ നിന്നും വിനായകനും ജയിലറില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, ഡോക്ടര്‍ ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി എന്നിവരാണ് മറ്റ് താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.