ഇരുകൈകളുമില്ലാത്ത ദേവിക എന്ന കോഴിക്കോട്ടെ മിടുക്കിക്കുട്ടി കാലുകൊണ്ട് പത്താം ക്ലാസ് പരീക്ഷ എഴുതി മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയത് ഏറെ വൈറലായിരുന്നു. നിരവധിപേര്‍ ആണ് റിസള്‍ട്ട് അറിഞ്ഞതിന് പിന്നാലെ ദേവികയ്ക്ക് ആശംസകളുമായി എത്തിയത്. ഇപ്പോള്‍ നടന്‍ സുരേഷ് ഗോപി ദേവികയുടെ വീട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ചതാണ് വൈറലായി മാറുന്നത്.
രണ്ടു കൈകളുമുള്ളവര്‍ പരീക്ഷ വിജയിക്കാന്‍ പെടുമ്പോഴാണ് മറ്റൊരാളുടെ സഹായം സ്വീകരിക്കാവുന്ന അവസ്ഥയായിട്ടും അതുപേക്ഷിച്ച് ദേവിക കാലുകള്‍ കൊണ്ട് പരീക്ഷ എഴുതി മിന്നുന്ന വിജയം നേടിയത്. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ദേവിക തന്റെ ഭിന്ന ശേഷിയുടെ പേരില്‍ എവിടെയും മാറിനില്‍ക്കാറില്ല. കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. ഗാനാലാപനമത്സരങ്ങളില്‍ ജില്ലാതലം വരെ മത്സരിക്കുകയും ചെയ്തിട്ടുണ്ട് ദേവിക.
ജമന്‍മനാ ഇരു കൈകളുമില്ലാതെയാണ് ദേവിക പിറന്നുവീണത്. എങ്കിലും അച്ഛനുമമ്മയും ദേവികയെ കാലുകള്‍കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു. അദ്ധ്യാപകരും സുഹൃത്തുകളും കൂട്ടായി കൂടെയെത്തിയപ്പോള്‍ വിജയം ദേവികയ്ക്ക് എളുപ്പവുമായി. എസ്.എസ്.എല്‍.സിയില്‍ രണ്ടുപരീക്ഷയ്ക്ക് മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവര്‍ക്കൊപ്പം കൃത്യസമയത്ത് ഈ മിടുക്കി എഴുതിത്തീര്‍ത്തു. ഗ്രേസ്മാര്‍ക്കുപോലും ഇല്ലാതെയാണ് ദേവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത് എന്നതാണ് ശ്രദ്ധേയം.
റിസള്‍ട്ട് എത്തിയതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ദേവിക സ്റ്റാറായി മാറി. നിരവധിപേര്‍ മിടുക്കിയെ അഭിനന്ദനം കൊണ്ട് മൂടി. ഈ വാര്‍ത്തയറിഞ്ഞാണ് ഇപ്പോള്‍ സുരേഷ് ഗോപിയും ദേവികയെ കാണാന്‍ ആയി വീട്ടില്‍ എത്തിയത്. ദേവികയെ അഭിനന്ദിച്ച അദ്ദേഹം ദേവികയുടെ കാലുകള്‍ നിലത്തുനിന്നും എടുത്ത് തന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചാണ് തന്റെ ആശംസകള്‍ അറിയിച്ചത്. ഇത് കണ്ടുനിന്നവരുടെ പോലും കണ്ണുനിറയിച്ചു. ദേവികയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാധ്യമത്തിലൂടെ അദ്ദേഹം പങ്കുവച്ചു. ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക ജൂനിയര്‍ റെഡ് ക്രോസില്‍ അംഗമാണ്.
ഈ വര്‍ഷം മികച്ച കേഡറ്റിനുള്ള പുരസ്‌കാരവും ദേവികയ്ക്കാണ് ലഭിച്ചത്.'പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം പഠിക്കണമെന്നും ബിരുദമൊക്കെ കഴിഞ്ഞ് സിവില്‍ സര്‍വീസ് നേടണമെന്നതുമാണ് ദേവികയുടെ ആഗ്രഹം. ദേവികയുടെ അച്ഛന്‍ സി.പി. സജീവ് തേഞ്ഞിപ്പലം പോലീസ്സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ്. സഹോദരന്‍ ഗൗതം നാലാം ക്ലാസില്‍ പഠിക്കുന്നു.