ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദി കേരള സ്റ്റോറിയുടെ സംവിധായകന്‍ സുദീപ്‌തോ സെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാദ്ധ്യlയുള്ളതായും സുദീപ്‌തോ സെന്‍ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കി. അതേസമയം സുദീപ്‌തോ സെന്നും കേരള സ്റ്റോറിയിലെ മുഖ്യവേഷം ചെയ്ത നടി ആദാ ശര്‍മ്മയും കഴിഞ്ഞ ആഴ്ചയില്‍ വാഹനാപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ തന്നെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന് ആദാ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
മേയ് അഞ്ചിനാണ് 'ദി കേരളാ സ്റ്റോറി' റിലീസ് ചെയ്തത്. പത്ത് ദിവസം കൊണ്ട് നൂറ് കോടിയിലേറെ കളക്ഷന്‍ ചിത്രത്തിന് ലഭിച്ചു. ബോളിവുഡില്‍ പ്രമുഖ താരങ്ങളുടെ ചിത്രത്തിന് പിന്നാലെ നൂറ് കോടി കളക്ഷന്‍ നേടുന്ന ഇക്കൊല്ലത്തെ നാലാമത് ചിത്രമാണ് 'ദി കേരള സ്റ്റോറി'. ഷാറൂഖ് ഖാന്‍ ചിത്രമായ പത്താന്‍, രണ്‍ബീര്‍ കപൂറിന്റെ തൂ ഛൂട്ടി മേം മക്കാര്‍, സല്‍മാന്‍ ഖാന്റെ 'കിസി കാ ഭായ് കിസി കി ജാന്‍' എന്നിവയാണ് ഇതുവരെ 100 കോടി കളക്ഷന്‍ നേടിയത്.