ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാ വാർത്തയെത്തിയതിനൊപ്പെ ചിത്രത്തിന്റെ ലൊക്കേഷനിൽ കഴിഞ്ഞദിവസം എത്തിയ ഒരു അപ്രതീക്ഷിത അതിഥിയുടെ ചിത്രങ്ങളും വൈറലാവുകയാണ്.
സാക്ഷാൽ സുചിത്ര മോഹൻലാലായിരുന്നു ആ അതിഥി. ചിത്രത്തിന്റെ നിർമ്മാതാക്കളി ലൊരാളായ വിശാഖ് സുബ്രഹ്മണ്യം സുചിത്രയുടെ കസിനാണ്. ധ്യാനും നിവിനും ചേർന്നാണ് താരപത്‌നിയെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ശ്രീനിവാസനും പാർവതിയും മനോഹരമാക്കിയ വടക്കു നോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ തന്നെയാണ് 'ലവ് ആക്ഷൻ ഡ്രാമയിലെ' നായികയ്ക്കും നായകനുമുള്ളത്. ദിനേശനും ശോഭയുമായിട്ടാണ് നിവിനും നയൻതാരയുമെത്തുന്നത്. ഒമ്പത് വർഷത്തിനുശേഷം മലർവാടിയിലെ സുഹൃത്തുക്കളായ നിവിൻപോളി,അജുവർഗീസ്, ശ്രാവൺ,ഹരികൃഷ്ണൻ,ഭഗത് എന്നിവരുടെ രണ്ടാംവരവ് എന്ന പ്രത്യേകത കൂടി 'ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്.ഒരിടവേളയ്ക്കു ശേഷമാണ് 'ലേഡി സൂപ്പർസ്റ്റാർ' നയൻതാര മലയാള സിനിമയിൽ അഭിനയിക്കുന്നത്. 2016-ൽ പുറത്തിറങ്ങിയ 'പുതിയ നിയമം' ആയിരുന്നു നയന്റെ അവസാന മലയാളസിനിമ.
ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായ വിവരം നിർമ്മാതാവ് കൂടിയായ അജു വർഗീസാണ് പുറത്തുവിട്ടത്.ഇതിനിടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഉപയോഗിച്ച് ട്രോളന്മാർ പണി തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് അജു ട്രോൾ മത്സരവും ആരംഭിച്ചത്. നൽകിയിരിക്കുന്ന രണ്ട് മീമുകളിൽ ട്രോൾ ഉണ്ടാക്കാനാണ് മത്സരം.
ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാർ എന്റർടെയിന്റ്മെന്റ്സ് എന്നീ ബാനറുകളിൽ അജു വർഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീനിവാസൻ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നഡയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം. വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹമാനാണ്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.



