മലയാളി പ്രേക്ഷകരെ ഏറ്റവും സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സുബി സുരേഷിന്റെ വിയോഗം. ഒരു കാലഘട്ടത്തെ മുഴുവന്‍ തമാശ പറഞ്ഞ് രസിപ്പിച്ച സുബി സൂരേഷ് ഏറെ നാളായി സോഷ്യല്‍ മീഡിയയിലും യൂട്യൂബ് വ്‌ലോഗിങ്ങിലും സജീവമായിരുന്നു. ഇപ്പോഴിതാ സുബിയുടെ ആഗ്രഹ പ്രകാരം സഹോദരന്‍ എബി സുരേഷ് നേരത്തെ ഷൂട്ട് ചെയ്ത് വച്ചിരുന്ന സുബിയുടെ വീഡിയോകള്‍ പുറത്ത് വിട്ടിരിക്കുകയാണ്.
സഹോദരിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഫേസ്ബുക്ക് പേജിലൂടെ നന്ദി പറഞ്ഞ സുബിയുടെ സഹോദരന്‍ എബി സുരേഷ് പങ്ക് വച്ച വീഡിയോയിലൂടെ സുബിയുടെ ഫേസ്ബുക്ക് പേജും യൂട്യൂബും ഒന്നും കളയില്ലെന്നും അവസാനമായി ചിത്രീകരിച്ച വ്‌ലോഗുകള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നും, അവ അപ്ലോഡ് ചെയ്യണമെന്ന് സുബി പറഞ്ഞേല്‍പ്പിച്ചിരുന്നതായും വ്യക്തമാക്കിയിരുന്നു.
സഹോദരന്‍ പങ്ക് വച്ചത്...
ചേച്ചി വളരെയധികം ആഗ്രഹിച്ച് തുടങ്ങിയതാണ് ഫേസ്ബുക്ക് പേജും യൂട്യൂബും. കുറച്ച് വീഡിയോ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്, വേഗം അപ്ലോഡ് ചെയ്യണമെന്നൊക്കെ ആശുപത്രിയില്‍ കിടന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു. നീ വീഡിയോ അപ്ലോഡ് ചെയ്തോ എന്ന് ഇടയ്ക്ക് ചോദിക്കും. കിടക്കുവാണേലും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ യൂട്യൂബ് ചാനലും ഇതൊന്നും കളയാന്‍ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും നല്ല നല്ല കാര്യങ്ങള്‍ക്കായി അത് യൂസ് ചെയ്യാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
അതുപോലെ തന്നെ ചേച്ചി എടുത്തുവച്ച കുറച്ച് വീഡിയോകള്‍ ഉണ്ട്. അതൊക്കെ ഞങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ പോകുകയാണ്. ആ വീഡിയോകള്‍ ഇട്ടില്ലേ എന്നും പറഞ്ഞ് ചേച്ചി എന്നെ വഴക്കുപറഞ്ഞോണ്ടിരുന്നതാണ്. ആശുപത്രിയിലെ തിരക്കും കാര്യങ്ങളും ആളുടെ അടുത്ത് പറയാന്‍ പറ്റില്ലല്ലോ. ചേച്ചിയുടെ അവസാന വീഡിയോകളാണ് എല്ലാം. കൂടെ നിന്നതിനും പ്രാര്‍ത്ഥിച്ചതിനും നന്ദി.
ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകള്‍ അവതരിപ്പിച്ച് കോമഡി റോളുകളില്‍ തിളങ്ങിയ താരമാണ് സുബി സുരേഷ്. കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കരള്‍-ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 22-ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. .