എസ്പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് എസ്പിബി യുടെ ആരോഗ്യസ്ഥിതി വഷളായതെന്ന് ആശുപത്രി വ്യക്തമാക്കിയിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനാവുക. നാലുപതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഗാനരംഗത്തു നില്ക്കുക. പാട്ടുപാടുന്നതില്‍ റെക്കോഡു സൃഷ്ടിക്കുക. പാട്ടിനൊപ്പം മറ്റു മേഖലകളിലും കഴിവുതെളിയിക്കുക ഇതൊക്കെ ചെയ്തിട്ടുള്ള മഹാ പ്രതിഭയാണ് വിട പറഞ്ഞത്.
എസ്പി.ബി എന്നും ബാലു എന്നും ഇദ്ദേഹം അറിയപ്പെടുന്നു. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്. ഗായകനെന്നതിന്റെയൊപ്പം നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.
ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ 1949 ജൂലൈ നാലിനാണ് എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്‌മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ് പി സമ്പാമൂര്‍ത്തിയായിരുന്നു ബാലുവിന്റെ ആദ്യഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാന്‍ പഠിപ്പിച്ചതും പിതാവ് തന്നെയായിരുന്നു. മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്‌കാരിക സംഘടന നടത്തിയ സംഗീത മത്സരത്തിലെ മികച്ച ഗായകനായി എസ് പി ബി തിരഞ്ഞെടുക്കപ്പെട്ടതോടെ ചലച്ചിത്രരംഗത്ത് അവസരങ്ങള്‍ തേടിയെത്തി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം തുടങ്ങി ഇന്ത്യയിലെ അഞ്ച് പ്രമുഖ ഭാഷകളിലും പാടി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിലും അദ്ദേഹത്തിന്റെ പേരെത്തി. ഭാര്യ സാവിത്രി മക്കള്‍: പല്ലവി, ചരണ്‍