തെന്നിന്ത്യന്‍ യുവതാരം സായി ധന്‍സികയ്ക്ക് ഷൂട്ടിങ്ങിനിടയില്‍ പരിക്ക്. കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടിയാണ് ധന്‍സിക. യോഗി ദാ എന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരുക്കേറ്റത്.
സായ് ധന്‍സിക പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലറാണ് യോഗി ദാ. തമിഴില്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. ചിത്രത്തിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനിടയിലാണ് നടിക്ക് പരുക്കേറ്റത്. ആക്ഷന്‍ രംഗങ്ങളായിരുന്നു താരം അഭിനയിച്ചത്. ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു.
തുടര്‍ന്ന് നടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ അടിയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.കബാലി എന്ന രജനികാന്ത് ചിത്രത്തിലൂടെയാണ് ധന്‍സിക പ്രശസ്തയാവുന്നതു. കബാലി ഗേള്‍ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ധന്‍സിക രജനികാന്തിന്റെ മകള്‍ ആയാണ് കബലിയില്‍ അഭിനയിച്ചത്.
ചിത്രത്തിലെ ധന്‍സികയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഈ നടിക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. ദുല്‍കര്‍ സല്‍മാന്റെ നായികയായി സോളോ എന്ന ചിത്രത്തിലൂടെ ധന്‍സിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ഈ ദ്വിഭാഷാ ചിത്രത്തിലും മികച്ച പ്രകടനമാണ് ധന്‍സിക കാഴ്ച വെച്ചത്.