മധുരമായ ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള ഗാനാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ബോളിവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തിയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള് കൂടിയെത്തിയ സന്തോഷം പങ്കുവയ്ച്ചിരിക്കുകയാണ് ശ്രേയ.
തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷവാര്‍ത്തയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ശ്രേയ പങ്കുവെച്ചിരിക്കുന്നത്. താനും ഭര്‍ത്താവ് ശൈലാദിത്യയും കുടുംബത്തോടൊപ്പം വളരെയധികം സന്തോഷിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു. തങ്ങള്‍ക്കു വേണ്ട പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായി താരം കുറിച്ചു. കുറിപ്പിനു പിന്നാലെ നിരവധി പേരാണ് ആശംസാകളും നേരുന്നത്. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.
നാലു വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാല്‍ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയാണ്. 16-ാം വയസ്സില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബന്‍സാലിയുടെ ശ്രദ്ധയില്‍ പെടുന്നത്. 'ദേവദാസ്' (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡ് അരങ്ങേറ്റം.