തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ വിയോഗത്തില്‍ വേദന പങ്കുവച്ച് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍. നഷ്ടപ്പെടുന്നത് നല്ല കഥകളും സിനിമകളും മാത്രമല്ല, നിസാം- നീയെന്ന മനുഷ്യപ്പറ്റുള്ള ഉടപ്പിറപ്പിനെയാണെന്ന് അദ്ദേഹം കുറിച്ചു.
കുറിപ്പ് ഇങ്ങനെ:
നഷ്ടപ്പെടുന്നത് നല്ല കഥകളും സിനിമകളും മാത്രമല്ല നിസാം, നീയെന്ന മനുഷ്യപ്പറ്റുള്ള ഉടപ്പിറപ്പിനെയാണ്. സ്‌നേഹവും കലഹവും പ്രതീക്ഷയും നിരാശയും ആഹ്ലാദവും നിരാസവും അറിവും നിന്ദയും അനുനിമിഷം തന്ന സമ്മര്‍ദ്ദത്തിലും അല്ലാഹുവിന്റെ അത്ഭുതകരമായ കനിവില്‍ നീ വര്‍ഷങ്ങള്‍ ഇവിടെ തുടരുമെന്നും നിനക്കു മാത്രം കഴിയുന്ന മഹാസൃഷ്ടികള്‍ നടത്തുമെന്നും കരുതിയ ഞങ്ങള്‍ വിഡ്ഢികള്‍! നാളത്തെ റിലീസില്‍, ഇന്നത്തെ പ്രിവ്യൂവില്‍ ആഹ്ലാദിക്കേണ്ട മനസ്സിനെ നീയെന്തിന് മരണത്തിന് വിട്ടു കൊടുത്തു?,'
'തിരശ്ശീലയില്‍ ഇനി എത്രയോവട്ടം അടയാളപ്പെടുത്തേണ്ടതായിരുന്നു നിന്റെ നാമം. നീ ഇനി ഇല്ല എന്നു വിശ്വസിക്കാനാവുന്നില്ല. എത്ര കാര്യക്ഷമമായിട്ടാണ് നീ ആ മഹാമാരിയുടെ പേക്കാലവും നിര്‍ഭയം പണിയെടുത്തത്. തുളുനാട് നിന്നോളം അറിഞ്ഞവര്‍ ചുരുക്കം. അവിടത്തെ മണ്ണും മനുഷ്യരും നിറഞ്ഞാടിയ നിഷ്‌കളങ്കതയും നിസാം റാവുത്തര്‍ എന്ന പ്രതിഭയുടെ കൈയ്യൊപ്പോടെ ഇനിയും തെളിയട്ടെ 'നീ' ബാക്കിവച്ചതെല്ലാം റസൂല്‍ ചെയ്യട്ടെ വീണ്ടും കാണുംവരെ ഒരിടവേള,' ശങ്കര്‍ രാമകൃഷ്ണന്‍ കുറിച്ചു.
റിലീസിനൊരുങ്ങുന്ന ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. സഖറിയയുടെ ഗര്‍ഭിണികള്‍, റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ചു.