തമിഴ് സിനിമയിലെ മികച്ച ഹാസ്യനടന്മാരില്‍ ഒരാളാണ് സെന്തില്‍. മലയാളികള്‍ക്ക് ഉള്‍പ്പടെ സുപരിചിതനാണ് താരം. മറ്റൊരു കോമഡി നടനായ ഗൗണ്ടമണിയ്ക്കൊപ്പമുള്ള സിനിമകളിലൂടെയാണ് സെന്തില്‍ പ്രശസ്തനാവുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടന്‍ ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, കാര്‍ത്തിക്, പ്രഭു, സത്യരാജ്, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവുമുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇത്തിക്കര പക്കി എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം അവതരിപ്പിച്ച് സിനിമയില്‍ സജീവമായ അദ്ദേഹം പിന്നീട് തമിഴിലെ മികച്ച കോമഡി താരമായി മാറുകയായിരുന്നു. ഇന്നും തമിഴ് സിനിമയില്‍ സജീവമാണ് അദ്ദേഹം. യുവ താരങ്ങള്‍ക്കൊപ്പമെല്ലാം നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
70-ാം വയസ്സില്‍ അദ്ദേഹം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു എന്ന രീതിയിലാണ് വാര്‍ത്തകളും ചിത്രങ്ങളും പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഇതിന്റെ ചിത്രങ്ങള്‍ വൈറലാണ്. മാലയിട്ട് നില്‍ക്കുന്ന സെന്തിലിന് ഒപ്പം മക്കളെയും കൊച്ചു മക്കളെയും ചിത്രത്തില്‍ കാണാം. എന്നാല്‍ അതിന്റെ സത്യാവസ്ഥ അതല്ലെന്നാണ് വിവരം. 1984 ലാണ് സെന്തില്‍ ഭാര്യ കലൈ സെല്‍വിയെ വിവാഹം കഴിച്ചത്. മണികണ്ഠന്‍ പ്രഭു, ഹേമചന്ദ്ര പ്രഭു എന്നിങ്ങനെ രണ്ട് മക്കളാണ് സെന്തിലിന് ഉള്ളത്. ഇവരിലായി കൊച്ചുമക്കളും ഉണ്ട്. ഇവര്‍ക്കെല്ലാമൊപ്പമാണ് നടന്‍ ചിത്രങ്ങളില്‍ ഉള്ളത്.
അടുത്തിടെ മയിലാടുതുറൈ ജില്ലയിലെ തിരുക്കടയൂര്‍ അഭിരാമി ക്ഷേത്രത്തില്‍ മുഴുവന്‍ കുടുംബത്തോടൊപ്പം ദര്‍ശനം നടത്തിയിരുന്നു. അതിന്റേതാണ് ഈ ചിത്രങ്ങള്‍. നടന്നത് വിവാഹമല്ല പകരം ഭീമരഥ ശാന്തി പൂജ എന്നൊരു പൂജ ആയിരുന്നു എന്നാണ് വിവരം. സെന്തില്‍ 70-ാം വയസ്സിലേക്ക് കടന്നതിന് പിന്നാലെയാണ് വിശ്വാസ പ്രകാരം പൂജ നടത്തിയത്.
ദമ്പതിമാരില്‍ പുരുഷന് പ്രായം 70 കഴിയുമ്പോള്‍ നടത്തുന്ന പൂജയാണിത് എന്നാണ് പറയുന്നത്. നല്ല ആരോഗ്യത്തിനും ദീര്‍ഘായുസിനും വേണ്ടി നടത്തുന്ന പ്രത്യേക പൂജയാണിത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ വരാനിരിക്കുന്ന എല്ലാ തടസങ്ങളും മാറാന്‍ കൂടിയാണ് ഈ പ്രത്യേക പൂജ.