വിജയ് ചിത്രം സര്‍ക്കാര്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടും മുന്‍പേ വിവാദങ്ങളും ആരംഭിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാരിനെ ചൊടിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ വന്നതിന് പിന്നാലെയാണ് വിവാദപുക ഉയരാന്‍ തുടങ്ങിയത്. ഇതോടെയാണ് രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്.
വെള്ളിയാഴ്ച്ച മുതല്‍ തമിഴ്നാട്ടില്‍ നടത്തിയ പ്രദര്‍ശനങ്ങളില്‍ ഈ രംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തമിഴ്നാടിന് വെളിയിലുള്ള തിയേറ്ററുകളില്‍ ഈ രംഗങ്ങള്‍ നീക്കം ചെയ്യില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി ജാമ്യാപേക്ഷ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി പൊലീസ് മുരുഗദോസിന്റെ വീട്ടില്‍ റെയ്ഡിനെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം വീട്ടിലില്ലാത്തതിനാല്‍ മടങ്ങി പോയി.
സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് രജനീകാന്തും ഖുശ്ബുവും
സര്‍ക്കാര്‍ സിനിമയിലെ രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത് രജനീകാന്തും വിശാലും ഖുശ്ബുവും രംഗത്തെത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയിലെ രംഗങ്ങള്‍ മാറ്റണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനം തടയുന്നതും ബാനറുകള്‍ കേടാക്കുന്നതും അപലപനീയമാണെന്നും രജനീകാന്ത് പറഞ്ഞു.
സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് നടന്‍ വിശാലും പ്രതികരിച്ചിരുന്നു. വിജയ് ചിത്രങ്ങള്‍ക്കെതിരെ ചിത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവും പറഞ്ഞു.ചിത്രത്തിലെ 'ഒരു വിരല്‍ പുരട്ചി' എന്ന ഗാനത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ജനങ്ങള്‍ കത്തിച്ചെറിയുന്ന ദൃശ്യമുണ്ട്.