മലയാള സിനിമകളില്‍ എന്നും പ്രേക്ഷകന്‍ ഓര്‍ത്തിരിക്കുന്ന ചിത്രമാണ് കാലാപാനി. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ശ്രദ്ധേയമാകുകയും ചെയ്തു. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയ സന്തോഷ് ശിവന്റെ മാസ്മരിക ഫ്രെയിമുകള്‍ ഇന്നും മലയാളി മറന്നിട്ടില്ല. സിനിമ പുറത്തിറങ്ങി 23 വര്‍ഷം പിന്നിടുമ്പോള്‍ കാലാപാനിയിലെ രസകരമായ ഒരു ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ശിവന്‍.
നായകനും ഛായാഗ്രാഹകനും സംഘവും, കൂട്ടത്തില്‍ ഒരു ക്യാമറയും, അരയ്ക്കു മുകളില്‍ വെള്ളത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് സന്തോഷ് ശിവന്‍ പങ്കുവെച്ചത്. കാലാപാനിയുടെ ചിത്രീകരണ വേളയിലെ മറക്കാനാവാത്ത നിമിഷമാണിതെന്ന് സൂചിപ്പിച്ചാണ് ചിത്രം പങ്കുവച്ചത്. സിനിമയില്‍ മോഹന്‍ലാല്‍ ദ്വിപിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യാന്‍ വേണ്ടി നായകനൊപ്പം ക്യാമറമാനും സാങ്കേതിക പ്രവര്‍ത്തകരും കൂടെ ചാടിയാണ് ഈ രംഗം മനോഹരമാക്കിയെടുത്തത്.
ബ്രിട്ടീഷ് രാജകാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് കാലാപാനിയിലൂടെ പ്രിയദര്‍ശന്‍ പറഞ്ഞത്. സന്തോഷ് ശിവനെ തേടി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന അവാര്‍ഡില്‍ മോഹന്‍ലാല്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച കലാസംവിധാനത്തിന് സാബു സിറിലും, ഓഡിയോഗ്രാഫിക്ക് ദീപന്‍ ചാറ്റര്‍ജിയും, മികച്ച സ്പെഷ്യല്‍ എഫക്ട്സിന് എസ്.ടി. വെങ്കിയും ദേശീയ അവാര്‍ഡുകള്‍ നേടി.