ബോളിവുഡ് ചലച്ചിത്ര മേഖലയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്റെ വ്യക്തി ജീവിതവും സിനിമ ജീവിതവും പലപ്പോഴും വിവാദങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ടൈഗര്‍ 3 ആണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ എത്തിയ സല്‍മാന്‍ ഖാന്റെ ലുക്കാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
താരത്തിന്റെ എയര്‍പോര്‍ട്ട് ഫാഷനാണ് ലുക്ക് വൈറലാകാന്‍ കാരണം. ഒരു അമിരി ജാക്കറ്റും പാന്റുമായിരുന്നു സല്‍മാന്റെ വേഷം. പാന്റിന്റെ പിറകിലായി സല്‍മാന്റെ തന്നെ മുഖം പെയിന്റ് ചെയ്തിരിക്കുന്നതു കാണാം. സല്‍മാനൊപ്പം പതിറ്റാണ്ടുകളായി താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഷെറയും ഉണ്ടായിരുന്നു. ആരാധകരെ കൈവീശി കാണിച്ചും എല്ലാവരോടും പുഞ്ചിരിച്ചും നടന്നു നീങ്ങുകയാണ് സല്‍മാന്‍ ഖാന്‍.
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ദ ബുള്‍ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സല്‍മാന്‍ അടുത്തതായി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. സൂരജ് ബര്‍ജാത്യയുടെ അടുത്ത ചിത്രത്തിലും സല്‍മാന്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സല്‍മാനും ഷാരൂഖ് ഖാനും അഭിനയിച്ച ടൈഗര്‍ vs പത്താന്‍ എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ എന്താണ് തന്റെ അടുത്ത ചിത്രമെന്ന് സല്‍മാന്‍ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.