ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്റെ ചിത്രവുമായി സാഹോയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം രണ്ടായിരത്തിലധികം കമന്റും രണ്ടാം പോസ്റ്റര്‍ നേടി.
ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തുന്ന സാഹോ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.
റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.