അധികം വാഗ്ദാനങ്ങളില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രോമാഞ്ചം. എന്നിലിപ്പോള്‍ മലയാള സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് എന്ന പേരിലേക്ക് ചിത്രം മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വെബ് സീരിസ് എന്നിവയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായ താരങ്ങള്‍ സൗബിന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചെറിയ ചിത്രം ഫെബ്രുവരി 3 നാണ് കേരളത്തിലെ 144 സ്‌ക്രീനുളില്‍ എത്തിയത്.
പിന്നീട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ ചിത്രം ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടര്‍ വാരങ്ങളില്‍ തിയറ്ററുകളില്‍ കാണാന്‍ സാധിച്ചത്. നാലാം വാരത്തില്‍ എത്തിയപ്പോള്‍ കേരളത്തില്‍ 197 സ്‌ക്രീനുകളാണ് രോമാഞ്ചത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ എത്രയെന്നത് സംബന്ധിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 62 കോടി ചിത്രം നേടിയതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 38 കോടിയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3.6 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 21.15 കോടി രൂപയും നേടിയതായാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഇതോടെ മലയാള ചലചിത്ര ചരിത്രത്തില്‍ മികച്ച സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങളിലൊന്നായി രോമാഞ്ചം മാറി. നേരത്തെ 23 ദിവസങ്ങള്‍ കൊണ്ട് 50 കോടി ക്‌ളബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു.
ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തില്‍ ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന്‍ ബിനോ, ജഗദീഷ്, അനന്തരാമന്‍, സിജു സണ്ണി, അസിം ജമാല്‍, ശ്രീജിത് നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം സനു താഹിര്‍. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സിന്റെയും ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ് സിന്റെയും ബാനറില്‍ ജോണ്‍ പോള്‍ ജോര്‍ജും ഗിരീഷ് ഗാംഗാധരനും ചേര്‍ന്നാണ് നിര്‍മ്മാണം .വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്
2007ല്‍ ബംഗളൂരുവില്‍ ഒരുമിച്ചു താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഓജോ ബോര്‍ഡ് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും കാണികളില്‍ ചിരി ഉണര്‍ത്തുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.