മോഹൻലാൽ നായകനായി പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബും കടന്ന് കുതിക്കുന്ന വേളയിലും ചിത്രത്തിലെ ഡയലോഗുകളാണ് സമൂഹ മാധ്യമത്തിൽ നിറയെ. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് 'പി.കെ രാംദാസ് എന്ന വന്മരം വീണു' എന്ന ഇന്ദ്രജിത്ത് കഥാപാത്രത്തിന്റെ ഡയലോഗ്. ഫേസ്‌ബുക്ക് പോസ്റ്റുകളിലടക്കം ഈ ഡയലോഗ് തന്നെയാണ് താരം. സിനിമാ-ടിവി താരമായ രമേഷ് പിഷാരടി ഹാസ്യരൂപേണ പങ്കുവെച്ച പോസ്റ്റിലാണ് ഈ ഡയലോഗ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.
രമേഷ് പിഷാരടി പോസ്റ്റിൽ പറഞ്ഞതിങ്ങനെ: 'പി.കെ രാമദാസ് എന്ന വന്മരം കടപുഴകി വീണു. ഇനിയാര് ?' എന്ന് ലൂസിഫറിൽ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗ് ജനപ്രിയമായിരുന്നു. പുലർച്ചെ രണ്ടു മണിക്ക് റോഡിനു കുറുകെ മരം കടപുഴകി വീണതിനു പിന്നാലെ പൊലീസും ഫയർഫോഴ്സ് സേനാംഗങ്ങളും സമയത്തിനെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
അപകടം നടന്ന സ്ഥലത്തെത്തിയ പൊലീസുകാരോട് സംസാരിച്ചു നിൽക്കുന്ന രമേഷിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഹാസ്യം നിറച്ച രസകരമായ പോസ്റ്റുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.