നടന്‍ മയില്‍സാമിയുടെ അപ്രതീക്ഷിതമായ വിയോഗം തമിഴ് സിനിമയ്ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ അന്ത്യം. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മയില്‍സാമിയുമായുളള സൗഹൃദത്തെക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മയില്‍സാമി എന്നാണ് രജനീകാന്ത് പറഞ്ഞത്. അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയ്ക്ക് ലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം മയില്‍സാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. മയില്‍സാമിക്ക് ആദരാജ്ഞലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയില്‍സാമിക്ക് 23-24 വയസുളളപ്പോള്‍ മുതല്‍ എനിക്കറിയാം. മിമിക്രി ആര്‍ട്ടിസ്റ്റില്‍ നിന്നും അഭിനേതാവായി വളര്‍ന്നുവന്നവനാണ് അയാള്‍. എംജിആറിന്റെ കടുത്ത ആരാധകനും ശിവഭക്തനുമായിരുന്നു മയില്‍സാമി. ഞങ്ങള്‍ ഇടയ്ക്ക് കാണാറുണ്ട്. ഞാന്‍ സിനിമയെക്കുറിച്ച് ചോദിക്കും പക്ഷേ എംജിആറിനെയും ശിവ ഭഗവാനെയും കുറിച്ചായിരിക്കും അവന്‍ പറയുക. എല്ലാവര്‍ഷവും കാര്‍ത്തിക ദീപത്തിന് അവന്‍ തിരുവണ്ണാമലൈയില്‍ പോകും ആ ജനക്കൂട്ടത്തെ കാണുന്നത് അവന് സന്തോഷമാണ്. തന്റെ സിനിമയുടെ ആദ്യ ഷോയ്ക്കു വരുന്നവരെ കാണുന്നതുപോലെയാണത്.
അത്രയ്ക്കായിരുന്നു ആരാധന. കാര്‍ത്തിക ദീപത്തിന് എന്നെ വിളിച്ച് ആശംസകളറിയിക്കാറുണ്ട്. കഴിഞ്ഞ തവണ അവന്‍ വിളിച്ചപ്പോള്‍ എനിക്ക് എടുക്കാനായില്ല. ഞാന്‍ ജോലിയിലായിരുന്നു. മൂന്നു തവണ വിളിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു അടുത്ത തവണ വിളിക്കുമ്പോള്‍ ക്ഷമ പറയണമെന്ന് പക്ഷേ ഞാന്‍ മറന്നുപോയി , ഇപ്പോള്‍ അവനില്ല'- രജനികാന്ത് പറഞ്ഞു.
തന്റെ അന്ത്യകര്‍മങ്ങള്‍ക്കായി രജനീകാന്ത് അമ്പലത്തില്‍ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മയില്‍സാമി നേരത്തെ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് അറിയാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ഞാന്‍ കേട്ടിരുന്നു. ഞാന്‍ ശിവമണിയുമായി സംസാരിച്ച് മയില്‍സാമിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കും എന്നായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ മറുപടി.