മലയാളികള്‍ക്ക് ഒട്ടേറെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള കൂട്ടുകെട്ടാണ് പ്രിയദര്ശന്- മോഹന്‍ലാല്‍. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കുത്തി മുതല്‍ 2021 ല്‍ ഇറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ നിരവധി ചിത്രങ്ങള്‍ ഇവരുടേതായുണ്ട്. ഇപ്പോളിതാ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഈ വര്‍ഷം തന്നെ ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും.
മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയ്ക്ക് മലൈക്കോട്ടൈ വാലിബന് റിലീസിനോടനുബന്ധിച്ച് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. എമ്പുരാന് ശേഷം ജോഷി സാറിനൊപ്പം ഒരു ചിത്രം ഞാന്‍ ചെയ്യുന്നുണ്ട്. പിന്നീട് ഒരു സത്യന് അന്തിക്കാട് ചിത്രം വരുന്നുണ്ട്. പ്രിയദര്ശനുമൊത്തും ഒരു ചിത്രം വരുന്നുണ്ട്. ജീത്തു ജോസഫ് ചിത്രം റാമും പുറത്തെത്തും, മോഹന്‍ലാല്‍ പറഞ്ഞു
എന്നാല്‍ മരക്കാറിനുശേഷം എം.ടി. വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ആന്തോളജിയുടെ ഭാഗമായി ഓളവും തീരവും എന്ന ചിത്രം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുക്കിയിട്ടുണ്ട്. അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
എമ്പുരാന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ യു.എസില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ചെന്നൈയിലും ചിത്രീകരണമുണ്ട്. എമ്പുരാനുശേഷം ജോഷി ചിത്രം റമ്പാനിലാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ജീത്തു ജോസഫിന്റെ റാമിന്റെ തുടര്‍ ചിത്രീകരണത്തിലും മോഹന്‍ലാലിനു പങ്കെടുക്കേണ്ടതുണ്ട്.
സത്യന് അന്തിക്കാടിന്റെ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലാണ് റമ്പാന്റെ ചിത്രീകരണം. റമ്പാന്റെ ചിത്രീകരണം വൈകിയാല്‍ സത്യന് അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കും. ഈ ചിത്രങ്ങളല്ലാതെ പുതിയ ചിത്രങ്ങളൊന്നും മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്തിട്ടില്ല.അതേസമയം മലൈക്കോട്ടൈ വാലിബന് ആണ് മോഹന്‍ലാലിന്റെ പുതിയ റിലീസ്.