അമ്മയ്ക്കൊപ്പം പ്രസിദ്ധമായ സോമനാഥക്ഷേത്രം സന്ദര്‍ശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. ഞായറാഴ്ചയാണ്, ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ പ്രീതി അമ്മയ്ക്കൊപ്പം എത്തിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വിഡിയോ ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിനൊപ്പമാണ് നടി വിഡിയോ പങ്കുവച്ചിരിക്കുന്നത്
'ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗങ്ങളെ സന്ദര്‍ശിക്കണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ഗുജറാത്തിലെ അവിശ്വസനീയമായ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് യാത്ര തുടങ്ങണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. ക്ഷേത്രം അടുത്ത് നിന്ന് കണ്ടപ്പോള്‍ ശരിക്കും ഭയം തോന്നി. ഉച്ചകഴിഞ്ഞുള്ള സമയം ആരതി ലഹരി നിറഞ്ഞതായിരുന്നു, വല്ലാത്തൊരു അനുഭവമായിരുന്നു ആ കാഴ്ച.
ഈ മനോഹരമായ ക്ഷേത്രം ഇന്ത്യന്‍ പൈതൃകത്തിന്റെയും പ്രതിരോധത്തിന്റെയും മഹത്തായ പ്രതീകമാണ്. വളരെ വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമാണ് ഈ ക്ഷേത്രം. ആത്മീയമായ ഈ യാത്ര അമ്മയോടൊപ്പം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഈ ക്ഷേത്രം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്'. താരം കുറിച്ചതിങ്ങനെ. ഇനിയും ബാക്കിയുള്ള ക്ഷേത്രം കൂടി കാണാന്‍ പോകുമെന്നും പറയുന്നുണ്ട്.
ജ്യോതിര്‍ലിംഗ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ക്ഷേത്രമാണ് 'ജ്യോതിര്‍ലിംഗം' എന്നറിയപ്പെടുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള പന്ത്രണ്ടു ക്ഷേത്രങ്ങളാണ് ഉള്ളത്. ജ്യോതിര്‍ലിംഗങ്ങളുടെ ഐതിഹ്യം വിഷ്ണു പുരാണത്തിലാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
12 ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതായി കണക്കാക്കപ്പെടുന്ന സോമനാഥ ക്ഷേത്രം, ഗുജറാത്തിലെ കത്യവാഡ് ജില്ലയിലെ വെരാവലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ശാന്തമനോഹരിയായൊഴുകുന്ന കൃഷ്ണ നദിയും ഉയര്‍ന്ന ഗോപുരങ്ങളും സങ്കീര്‍ണ്ണമായ കൊത്തുപണികളുമുള്ള വാസ്തുവിദ്യാ വിസ്മയക്കാഴ്ചയായ ക്ഷേത്രവുമെല്ലാം കൌതുകം പകരും.