ബോക്സ്ഓഫിസില്‍ ഹിറ്റായി പ്രദര്‍ശനം നടത്തികൊണ്ടിരിക്കുമ്പോള്‍ പ്രണവ് മോഹന്‍ലാല്‍ എവിടെയെന്ന് മാധ്യമപ്രവര്‍ത്തകരടക്കം അണിയറ പ്രവര്‍ത്തകരോടും അമ്മ സുചിത്രയോടും ചോദിച്ചിരുന്നു. ധ്യാനും വിനീതും ബേസിലും വിശാഖുമടക്കം വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ടീം മെമ്പേഴ്‌സെല്ലാം ഓടി നടന്ന് പ്രമോഷന്‍ അഭിമുഖങ്ങള്‍ കൊടുത്തപ്പോഴും റിലീസിന്റെ ആദ്യദിവസങ്ങളിലും കൂട്ടത്തില്‍ പ്രണവ് മിസ്സിംഗായിരുന്നു.
ഇതോടെ പ്രണവ് എവിടെ പോയെന്ന് അമ്മ സുചിത്ര മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ഊട്ടിയില്‍ എവിടെയോ ഉണ്ടെന്നാണ്. സിനിമ പൂര്‍ത്തിയാക്കി, പ്രണവ് തന്റെ പതിവു യാത്രകളുമായി ഇറങ്ങിതിരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ, ഊട്ടിയില്‍ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വഴിയോരത്തെ ചായക്കടയുടെ അരികില്‍ നിന്നും ഒരുപറ്റം വ്‌ളോഗര്‍മാരാണ് പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. കൂടെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ ആഗ്രഹിച്ച വ്‌ളോഗര്‍മാര്‍ക്കൊപ്പം പോസ് ചെയ്യാനും പ്രണവ് മറന്നില്ല.
പ്രണവിന് യാത്രകളോടുള്ള പ്രിയം ഏവര്‍ക്കും അറിവുള്ളതാണ്. ഒരു ബാക്ക്പാക്കുമായി യാത്ര ചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിട്ടുണ്ട്. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലും യാത്രാചിത്രങ്ങളാണ് പ്രണവ് കൂടുതലും പങ്കിടാറുള്ളത്.
വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തില്‍ പ്രണവിന്റെ ഹിമാലയം കയറ്റത്തെയും മലകയറ്റത്തെയുമൊക്കെ ട്രോളുന്നുമുണ്ട്. ഏറ്റവും രസകരം, ഈ ഭാഗങ്ങളില്‍ പ്രണവ് തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്നാണ്. എല്ലാമൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് പ്രണവ് സ്വയം ട്രോളുന്നുമുണ്ട് ചിത്രത്തില്‍.
എപ്പോഴും ട്രക്കിങ്ങും മറ്റുമായി പ്രണവ് ഭയങ്കര ഔട്ട്ഡോര്‍ പേഴ്സണ്‍ ആണെന്നാണ് സുചിത്ര കഴിഞ്ഞദിവസം ഒരഭിമുഖത്തില്‍ പങ്ക് വച്ചതും ശ്രദ്ധ നേടിയിരുന്നു. സുചിത്രയുടെ വാക്കുകള്‍ ഇങ്ങനെ:
അവന്‍ പഠിച്ചത് ഊട്ടിയിലാണ്. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയത് കൊണ്ട് അവിടുത്തെ പിള്ളേരുടെ കള്‍ച്ചര്‍ അവനും കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ അവനും സുഹൃത്തും കൂടി ഹിമാലയത്തിലേക്ക് ട്രക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞു. പിന്നെ എന്റെ ഒരു സുഹൃത്ത് വഴി അവന് പോവാനുള്ള കാര്യങ്ങളൊക്കെ റെഡിയാക്കാന്‍ നോക്കിയെങ്കിലും അതുവേണ്ട ഒറ്റയ്ക്ക് പോകുമെന്നാണ് അവന്‍ പറഞ്ഞത്. അന്ന് മുതലേ ഒറ്റയ്ക്കാണ് മകന്റെ യാത്രയെന്ന് സുചിത്ര പറയുന്നു. യാത്രയ്ക്കിടയില്‍ ബസിലുണ്ടായതും വളരെ ഇടുങ്ങിയ വഴിയാണെന്നുമൊക്കെ തിരികെ വന്നിട്ടാണ് പറഞ്ഞത്. പോവുന്നതിന് മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളിവിടെ ടെന്‍ഷന്‍ ആയേനെ. എന്തായാലും അന്ന് തുടങ്ങിയ യാത്ര അവനിപ്പോഴും തുടരുകയാണ്.
പ്രണവ് ഓസ്ട്രോലിയയില്‍ പോയി ഫിലോസഫിയാണ് പഠിച്ചത്. ഒന്നുകില്‍ ആ മേഖലയില്‍ തന്നെ സജീവമാകാന്‍ ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ല. ഡോക്ടറുടെ മക്കള്‍ ഡോക്ടറാവുന്നത് പോലെ നീയും അങ്ങനെ ചെയ്യൂ എന്ന് പറയാന്‍ പറ്റില്ലായിരുന്നു. രണ്ട് മക്കളില്‍ ആരെങ്കിലും ഒരാള്‍ ഡോക്ടര്‍ ആവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ട് ഫോഴേസ് ചെയ്യാന്‍ സാധിച്ചില്ല.
പിന്നെ കുടുംബത്തിലെങ്ങനെയാണോ അതുപോലെ നോക്കാന്‍ പറഞ്ഞു. എന്റെ അച്ഛനും സഹോദരനും ഭര്‍ത്താവുമൊക്കെ സിനിമാക്കാര്‍ ആയിരുന്നു. അതുകൊണ്ട് സിനിമാകുടംബമാണെന്ന് പറയാം. അപ്പുവിനെയും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ അങ്ങനെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണെന്നും അതിലൊന്ന് ശ്രമിച്ച് നോക്കാനും മാത്രമേ പറഞ്ഞുള്ളു. അതിപ്പോള്‍ ഇങ്ങനെയായി.
എല്ലാ സിനിമകളും നന്നായി പോവണമെന്ന് നിര്‍ബന്ധമില്ല. ചിലത് നന്നാവും. ചിലത് മോശമാവും. മാത്രമല്ല പലരും അച്ഛനൊപ്പമാണ് മകനെ താരതമ്യം ചെയ്യുന്നത്. അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ചേട്ടന്‍ ആദ്യ സിനിമയില്‍ ഒരു വില്ലനായിട്ടാണ് അഭിനയിച്ചത്. ആ കഥാപാത്രം എനിക്കടക്കം ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതിന് കാരണം അത്രയും നന്നായി ചെയ്തിട്ടുള്ളത് കൊണ്ടാണ്. പക്ഷേ എല്ലാവര്‍ക്കും അങ്ങനെയാവാന്‍ സാധിക്കില്ലല്ലോ. കുട്ടികള്‍ നടക്കാന്‍ പഠിക്കുന്നത് ആദ്യം വീണിട്ടാണ്. അങ്ങനെ ഇതിനെയും കണ്ടാല്‍ മതിയെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.