ഒരു മാന്ത്രിക രാത്രി സമ്മാനിച്ചു, കണ്ണീരടക്കാനാകുന്നില്ലെന്ന് ശ്രേയ ഘോഷാല്‍; കണ്ണിനേറ്റ പരിക്കുമായി സംഗീതപരിപാടിയില്‍ പങ്കെടുത്ത് മൃദുല മുരളി; മുംബൈയില്‍ നടന്ന കോള്‍ഡ് പ്ലേ സംഗീത പരിപാടിക്കെത്തിയ താരങ്ങള്‍ പങ്ക് വച്ചത്

Malayalilife
ഒരു മാന്ത്രിക രാത്രി സമ്മാനിച്ചു, കണ്ണീരടക്കാനാകുന്നില്ലെന്ന് ശ്രേയ ഘോഷാല്‍; കണ്ണിനേറ്റ പരിക്കുമായി സംഗീതപരിപാടിയില്‍ പങ്കെടുത്ത് മൃദുല മുരളി; മുംബൈയില്‍ നടന്ന കോള്‍ഡ് പ്ലേ സംഗീത പരിപാടിക്കെത്തിയ താരങ്ങള്‍ പങ്ക് വച്ചത്

ബ്രിട്ടിഷ് റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ ലൈവ് സംഗീതപരിപാടി കഴിഞ്ഞ ദിവസങ്ങളിലാണ് മുംബൈയില്‍ നടന്നത്. എല്ലാവരും ഏറെ ആവേശത്തോടെയാണ് ഈ അപൂര്‍വ നിമിഷങ്ങള്‍ക്കായി കാത്തിരുന്നത്. ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ഓര്‍മ്മയായി ലൈവ് കണ്‍സേര്‍ട്ടില്‍ പങ്കെടുത്തതിനെ മാറ്റാനാണ് ആരാധകര്‍ കാത്തിരുന്നത്. 

സംഗീതപരിപാടിയില്‍ പങ്കെടുത്ത് ഗായിക ശ്രേയ ഘോഷാലും തന്റെ അനുഭവം പങ്ക് വച്ച്ു. പിതാവ് ബിശ്വജിത് ഘോഷാലിനും പങ്കാളി ശൈലാദിത്യയ്ക്കുമൊപ്പമാണ് ശ്രേയ പരിപാടി കാണാനെത്തിയത്. കോള്‍ഡ് പ്ലേ മുംബൈയില്‍ ഒരുക്കിയ സംഗീത വിരുന്നിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയായിരുന്നു ശ്രേയ ഘോഷാലും കുടുംബാംഗങ്ങളും ആസ്വാദകരായി എത്തിയത്.

കോള്‍ഡ്പ്ലേയോട് അതിരില്ലാത്ത സ്നേഹം അറിയിക്കുകയാണെന്നും ക്രിസ് മാര്‍ട്ടിനും മറ്റ് ബാന്‍ഡ് അംഗങ്ങളും ചേര്‍ന്ന് മുംബൈയ്ക്ക് ഒരു മാന്ത്രിക രാത്രി സമ്മാനിച്ചുവെന്നും ശ്രേയ ഘോഷാല്‍ പറയുന്നു. 70 കഴിഞ്ഞ തന്റെ പിതാവ് സംഗീത പരിപാടി ഏറെ ആസ്വദിച്ചെന്നും തനിക്ക് കണ്ണീരടക്കാനാകുന്നില്ലെന്നും ശ്രേയ പ്രതികരിച്ചു.            
    

ഹൃദയം നിറഞ്ഞു; കണ്ണിനേറ്റ പരിക്കുമായി കോള്‍ഡ് പ്ലേ സംഗീതപരിപാടിയില്‍ പങ്കെടുത്ത് മൃദുല മുരളി

മാസങ്ങള്‍ക്ക് മുന്‍പേ ഈ പരിപാടിക്ക് പങ്കെടുക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു മൃദുല മുരളി. കോള്‍ഡ്പ്ളേ ഫാന്‍ അല്ലാഞ്ഞിട്ടും, രണ്ടു സുഹൃത്തുക്കള്‍ക്ക് വേണ്ടി മൃദുല മുന്നോട്ടിറങ്ങുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ അവരുടെ പാട്ടുകള്‍ പോലും മൃദുലയ്ക്ക് അറിയാമായിരുന്നില്ല. എന്നാല്‍ കൂട്ടുകാരായ നിതിനും നിഖിലിനും ഇത് വെറുമൊരു സംഗീത നിശായായിരുന്നില്ല. കുട്ടിക്കാലം മുതലുള്ള അവരുടെ സ്വപ്നത്തിന്റെ ഭാഗമാകാന്‍ അവര്‍ മൃദുലയെക്കൂടി ക്ഷണിക്കുകയായിരുന്നു.

സംഗീതനിശ നടക്കേണ്ടിയ വാരമായതും, മൃദുല തയാറെടുപ്പുകള്‍ നടത്തിയിരുന്നു. പ്ളേലിസ്റ്റുകള്‍ ആവര്‍ത്തിച്ചു കേട്ടു, വരികള്‍ മനഃപാഠമാക്കി. പക്ഷേ ജീവിതം മറ്റു ചിലതെല്ലാം കരുതിവച്ചിരുന്നു. വിമാനമെറേണ്ടിയിരുന്ന ദിവസത്തിന്റെ തലേന്ന്, കണ്ണിലെ കോര്‍ണിയയില്‍ പോറലേറ്റു. വിമാനമേറുക എന്നത് തന്നെ അസാധ്യമായി മാറി. പക്ഷേ അത് വകവെക്കാതെ മൃദുല മുന്നോട്ടു പോയി. ലാന്‍ഡ് ചെയ്തതും കാര്യങ്ങള്‍ ഒന്നൊന്നായി കൈവിട്ടുപോകുന്നതായി തോന്നി മൃദുലയ്ക്ക്.

വിമാനം ലാന്‍ഡ് ചെയ്തതും, മൃദുല ആശുപത്രിയില്‍ ദിവസങ്ങളോളം ചിലവഴിച്ചു. വേദന വന്നു. പരിപാടിക്ക് പങ്കെടുക്കുമോ എന്ന കാര്യം അനിശ്ചിതമായി. എന്നാല്‍, സുഹൃത്തായ ഹെന്ന മൃദുലയുടെ സഹായത്തിനെത്തി. ഈ രാത്രി കഴിച്ചുകൂട്ടാന്‍ എന്തുവേണമെങ്കിലും ചെയ്യൂ എന്ന് കൂട്ടുകാരി ഡോക്ടറോട്. മരുന്നുകളും, ഹൈ ഡോസ് വേദനസംഹാരിയും, ബാന്‍ഡേജ് ലെന്‍സുമായി മൃദുല കോള്‍ഡ് പ്ലേ സംഗീതനിശയില്‍ പങ്കെടുത്തു. പാതിയടഞ്ഞ കണ്ണുമായി ആ ദൗത്യം മൃദുല പൂര്‍ത്തിയാക്കി. കണ്ണിന്റെ പാതിയില്‍ അന്ധതയെങ്കിലും, ഹൃദയം നിറഞ്ഞു എന്ന് മൃദുല. ആ രാത്രി മൃദുല കോള്‍ഡ്പ്ളേ സംഗീതത്തില്‍ മുഴുകി.

ശനിയാഴ്ചയാണ് കോള്‍ഡ് പ്ലേയുടെ സംഗീത നിശയ്ക്ക് മുംബൈയില്‍ തുടക്കമായത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ആഘോഷ രാവിലേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അരലക്ഷത്തോളം സംഗീത പ്രേമികള്‍ ഒഴുകിയെത്തി. ഇനി ചൊവ്വാഴ്ചയാണ് പാട്ടുമായി കോള്‍ഡ് പ്ലേ വേദിയിലെത്തുക.

2016 മുംബൈയില്‍ നടന്ന ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ അവരുടെ ആദ്യ പ്രകടനത്തിന് ശേഷം കോള്‍ഡ് പ്ലേ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. ക്രിസ് മാര്‍ട്ടിന്‍, ജോണി ബക്ക്ലാന്‍ഡ്, ഗൈ ബെറിമാന്‍, വില്‍ ചാംപ്യന്‍ എന്നിവരടങ്ങുന്ന ബ്രിട്ടീഷ് റോക്ക് ബാന്‍ഡാണ് കോള്‍ഡ് പ്ലേ. ജനുവരി 25,26 തീയതികളില്‍ അഹമ്മദാബാദിലാണ് കോള്‍ഡ്പ്ലേയുടെ അടുത്ത പരിപാടി.

തന്റെ സുഹൃത്തുക്കള്‍ രണ്ടുപേരും കുട്ടിക്കാലം മുതല്‍ അവര്‍ ചേര്‍ത്തുപിടിച്ച കോള്‍ഡ്പ്ളേ സംഗീതത്തില്‍ അലിയുന്നത് നേരില്‍ക്കാണാന്‍ മൃദുലയ്ക്ക് കഴിഞ്ഞു. വേദനയുടെ ഓരോ അണുവും അവരുടെ അഭിനിവേശത്തിനു മുന്നില്‍ വിലയില്ലാതായി തോന്നിയതായി മൃദുല. കോള്‍ഡ്പ്ളേ സംഗീതം എന്തെന്ന് അറിയുക പോലും ചെയ്യാതിരുന്ന താന്‍ ആ രാത്രിയുടെ മാസ്മരികത അറിഞ്ഞു. അത് മറക്കാനാവാത്തതായിരുന്നു എന്ന് മൃദുല.

ചിലര്‍ സംഗീതത്തിനായി സംഗീതനിശകളില്‍ പങ്കെടുക്കുന്നു. എന്നാല്‍ താന്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പോയി എന്ന് മൃദുല. ജീവിതത്തിലെ അല്‍പ്പം ഡ്രാമ അതിന്റെ മൂല്യം ഉയര്‍ത്തി. ഇനി രണ്ടു കണ്ണും കൊണ്ട് പൂര്‍ണമായും കാണാന്‍ കഴിയുന്ന ഒരവസരത്തില്‍ കോള്‍ഡ്പ്ളേ നിശ കാണാന്‍ പോകും എന്ന് മൃദുല മനസുകൊണ്ട് തീരുമാനമെടുത്തു കഴിഞ്ഞു. കോള്‍ഡ് പ്ലേ എന്‍സൈക്ലോപീഡിയയായ രണ്ടുപേരും ഒപ്പമുണ്ടാകും എന്നും മൃദുല. കണ്ണിലെ പരിക്ക് സുഖപ്പെട്ടു വരുന്നു എന്ന് പറഞ്ഞാണ് മൃദുല തന്റെ നീണ്ട ഇന്‍സ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിച്ചത്‌
 

coldplay concert mumbai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES