പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ചിത്രത്തിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അതിഭീകരമായി സൈബര്‍ ആക്രമണം നടത്തുന്നതിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍. ചിത്രത്തിന്റെ ഭാഗം തിയറ്ററില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഓള്‍ കേരള പ്രഭാസ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം...
'ആദിപുരുഷ് സിനിമ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയും സൈബര്‍ മീഡിയകളാലും അതിഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ്. ചിത്രത്തിന്റെ ഏതാനും സെക്കന്റുകള്‍ വരുന്ന ബാഗം പോലും തിയറ്ററുകളില്‍ നിന്ന് പകര്‍ത്തി അവ സൈബര്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി തേജോവധം ചെയ്യുകയാണ്. സിനിമയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യം ഇത്തരക്കാരുടെ പ്രവൃത്തിയില്‍ ഉണ്ട്. ഇത്തരം പ്രവൃത്തനങ്ങളെ ശക്തമായി സംഘടന അപലപിക്കുകയാണ്. ഒരുപാട് പേരുടെ അധ്വാനം ആണ് സിനിമ. നല്ലതാണോ മോശമാണോ എന്നത് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ ബോധപൂര്‍വം ഒരു സിനിമയെ നശിപ്പിക്കുന്നത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. തിയറ്ററുകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്നത് കോപ്പിറൈറ്റ് ആക്ട് പ്രകാരം കുറ്റകരമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് എതിരെ സംഘടന നിയമ നടപടികള്‍ സ്വീകരിക്കും.'
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ജൂണ്‍ 16നാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.