സൈജു കുറുപ്പിന്റെ പുതിയ ചിത്രം 'പാപ്പച്ചന്‍ ഒളിവിലാണി'ന്റെ പോസ്റ്റര്‍ പുറത്ത്. നവാഗതനായ സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പാപ്പച്ചനെ കാണ്മാനില്ലെന്ന നോട്ടീസും പോസ്റ്ററിനൊപ്പം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. പിന്നാലെ കഴിഞ്ഞ ദിവസം കാണാതായ പാപ്പച്ചന്‍ ഒളിവിലെന്ന പോസറ്ററുമെത്തി.
ഉണ്ടക്കണ്ണ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം,അഞ്ചടി എട്ടിഞ്ച് ഉയരം, 44 വയസ്സ്, ബ്രൗണ്‍ നിറത്തിലുള്ള ഷര്‍ട്ട് ഇവയായിരുന്നു കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്ന പോസ്റ്ററിലെ അടയാളങ്ങള്‍. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഭയം നിറഞ്ഞ കണ്ണുകളുമായാണ് പാപ്പച്ചനുള്ളത്. പാപ്പച്ചനെ കാണ്മാനില്ലെന്നു പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമെത്തിയ പോസ്റ്ററിന് പിന്നാലെ 'പാപ്പച്ചന്‍ ഒളിവിലാണ്' എന്നു പറഞ്ഞുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്.
ഈ വ്യത്യസ്തമായ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കട്ടത്താടിയില്‍ ഭയചകിതനായാണ് പോസ്റ്ററില്‍ പാപ്പച്ചന്‍ എന്ന നായക കഥാപാത്രമായെത്തുന്ന സൈജു കുറുപ്പുള്ളത്.
വനാതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന 'പാപ്പച്ചന്‍ ഒളിവിലാണ്' എന്ന സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥപറയുന്ന സിനിമ പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളിലൂടേയും ഹൃദയസ്പര്‍ശിയായ സംഭവങ്ങളിലൂടേയും അത്യന്തം ഉദ്വേഗത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
പൂക്കാലം' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിച്ച് എത്തുന്ന സിനിമ കൂടിയാണ് ' പാപ്പച്ചന്‍ ഒളിവിലാണ്'. നവാഗതനായ സിന്റോ സണ്ണിയാണ് സംവിധാനം ചെയ്യുന്നത്. സിനിമാലോകത്ത് ഏതാനും വര്‍ഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല, സംവിധായകന്‍ ബ്ലെസി ഒരുക്കിയ കളിമണ്ണ് എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ് സിനിമാലോകത്തേക്കെത്തിയത്. 'ഓട്ടം' എന്ന സിനിമയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ സിനിമകളുടെ നിര്‍മ്മാതാവുമായിരുന്നു.
പാപ്പച്ചന്‍ ഒളിവിലാണ് സിനിമയില്‍ സൃന്ദയും ദര്‍ശനയും (സോളമന്റെ തേനീച്ചകള്‍ ഫെയിം) നായികമാരായെത്തുന്നു. അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, ഷിജു മാടക്കര (കടത്തല്‍ താരന്‍ ഫെയിം) ശരണ്‍ രാജ്, വീണ നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ബി.കെ.ഹരിനാരായണന്‍, സിന്റോസണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍. മേക്കപ്പ് മനോജ് & കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍. പ്രൊഡക്ഷന്‍ മാനേജര്‍ ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ഭൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് അജീഷ് സുഗതന്‍, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.