മഞ്ജു മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു; ഉള്ളില്‍ ചിരി നിറച്ച് അയാള്‍ പറഞ്ഞു ആ വാര്‍ത്ത പ്രസിദ്ധീകരിക്കരുത്; ഞാന്‍ ദിലീപിനെ വിശ്വസിച്ചില്ല; ദിലീപ് ഫ്‌ളാഷ്ബാക്ക് പല്ലിശ്ശേരി വെളിപ്പെടുത്തുന്നു

Malayalilife
topbanner
മഞ്ജു മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നു എന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു; ഉള്ളില്‍ ചിരി നിറച്ച് അയാള്‍ പറഞ്ഞു ആ വാര്‍ത്ത പ്രസിദ്ധീകരിക്കരുത്;  ഞാന്‍ ദിലീപിനെ വിശ്വസിച്ചില്ല; ദിലീപ് ഫ്‌ളാഷ്ബാക്ക് പല്ലിശ്ശേരി വെളിപ്പെടുത്തുന്നു

വാര്‍ത്തകള്‍ നല്‍കുന്നവര്‍ വിശ്വസ്തരാണെങ്കിലും കണ്ണടച്ചു വിശ്വസിക്കാനും പറ്റില്ല. എവിടെയാണ് ചതിക്കുഴിയെന്നു കണ്ടുപിടിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ഒരു വാര്‍ത്ത കിട്ടിയാല്‍ എനിക്ക് വാര്‍ത്തകള്‍ നല്‍കുന്ന ഓരോരുത്തരെയും വിളിച്ച് സത്യാവസ്ഥ അറിയാന്‍ ശ്രമിക്കും. വാര്‍ത്ത സത്യമാണെങ്കില്‍ എന്റെ ടീമിലെ രണ്ടുപേരെങ്കിലും അറിഞ്ഞിരിക്കും. അവര്‍ ഓകെ പറഞ്ഞാല്‍ പിന്നെ ഞാന്‍ സംശയിക്കാറില്ല. ഇത്രയും വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ അബദ്ധങ്ങള്‍ അധികം പറ്റാതിരുന്നത് വിശ്വസ്തരുടെ ഇടപെടലുകളാണ്. 

ഞാന്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത് ഒരു ലേഡി ഇന്‍ഫോര്‍മറെയാണ്. അവര്‍ നല്‍കിയ ഒരൊറ്റ ഇന്‍ഫര്‍മേഷനും തെറ്റിയിട്ടില്ല. അതുകൊണ്ട് മഞ്ജുവാര്യരെ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തി ആരെന്നിറിയണം. 

പിറ്റെ ദിവസം കഴിഞ്ഞ് ലേഡി ഇന്‍ഫോര്‍മര്‍ വിളിച്ചു. മഞ്ജുവാര്യരുടെ വിവാഹവാര്‍ത്ത വ്യാജമാണ്. ആ വാര്‍ത്ത വന്നത് ദിലീപ് ക്യാമ്പില്‍ നിന്നാണ്. അത്തരം ഒരു വാര്‍ത്ത വരുമ്പോള്‍ സ്വാഭാവികമായും കുന്തമുന മഞ്ജുവിന്റെ നേരെ തിരിയും. അവര്‍ക്കു മറ്റൊരാളെ വിവാഹം കഴിക്കാന്‍ വേണ്ടിയാണ് വിവാഹമോചനത്തിന് തയ്യാറായതെന്ന് ജനം മനസിലാക്കും. അങ്ങിനെ എല്ലാവരുടെ മനസിലും നിറഞ്ഞുനില്‍ക്കുന്ന മഞ്ജുവാര്യര്‍ വെറുക്കപ്പെട്ടവളായി തീരും. ഇതായിരുന്നു ദിലീപിന്റെ മനസ്സിലിരുപ്പ്. ആ വാര്‍ത്ത തന്ത്രപൂര്‍വം എന്നെക്കൊണ്ട് എഴുതിക്കാന്‍ ദിലീപ് ഒരാളെ കരുവാക്കി. അയാള്‍ എനിക്കും വേണ്ടപ്പെട്ടവനായിരുന്നു. 

'മഞ്ജുവാര്യരുടെ വിവാഹത്തെക്കുറിച്ച് എഴുതണം'. അല്ലെങ്കില്‍ ഞാനിനി വാര്‍ത്തകള്‍ നല്‍കില്ല. അയാള്‍ ഒരു തരം ഭീഷണിയോടെ പറഞ്ഞു. 

'സുഹൃത്തേ, താങ്കള്‍ പറഞ്ഞ വാര്‍ത്ത ശരിയല്ല. മഞ്ജുവാര്യര്‍ മറ്റൊരു വിവാഹം കഴിക്കില്ല. ഈ വാര്‍ത്ത കൊടുക്കാത്തതിന്റെ പേരില്‍ എനിക്ക് വാര്‍ത്തകള്‍ തരില്ലെന്നു പറഞ്ഞു പേടിപ്പിക്കണ്ട. ഒരാളെ മാത്രം കണ്ടുകൊണ്ടല്ല ഞാന്‍ ജോലി ചെയ്യുന്നത്. വാര്‍ത്തകള്‍ നല്‍കാന്‍ താങ്കളെപ്പോലെ പത്തുപേര്‍ എന്റെ ലിസ്റ്റില്‍ ഉണ്ട്'.

'എങ്കില്‍ ഞാനീ വാര്‍ത്ത മറ്റു പ്രസിദ്ധീകരണങ്ങളില്‍ കൊടുക്കും'. 

'എനിക്ക് വേണ്ട എന്നേ പറഞ്ഞുള്ളു. താങ്കള്‍ മറ്റാര്‍ക്കെങ്കിലും കൊടുത്തോളു'.

അയാള്‍ മറ്റാര്‍ക്കും ആ വാര്‍ത്ത നല്‍കിയില്ല. എന്റെ വാര്‍ത്തകള്‍ക്ക് സത്യസന്ധതയില്ല എന്നു തെളിയിക്കാനായിരുന്നു ദിലീപിന്റെ ശ്രമം. 

ദിലീപ് അവിടെയും പരാജയപ്പെട്ടു. അയാള്‍ അടങ്ങിയിരിക്കില്ലെന്നു എനിക്ക് മനസിലായി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ഓരോ ഡോസുകള്‍ കൊടുത്തുകൊണ്ടിരുന്നു.

ഇതിനിടയില്‍ ഞാന്‍ ലേഡി ഇന്‍ഫോര്‍മറെ വിളിച്ചു. ദിലീപ് കാവ്യ വിവാഹത്തിന്റെ സാധ്യതയെക്കുറിച്ച് ആരാഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ദിലീപിന്റെ സുഹൃത്ത് ഗള്‍ഫില്‍ നിന്നും വരും. അയാള്‍ വന്ന ശേഷം അറിയിക്കാം എന്നു മറുപടിയും നല്‍കി. 

'ആരാണയാള്‍'. ഞാന്‍ ചോദിച്ചു. അവര്‍ അയാളുടെ പേരു പറഞ്ഞു. ദിലീപിന്റെ അടുത്ത ആളാണ്. സിനിമ രംഗത്തുള്ള വ്യക്തിയാണ്. മിമിക്രിക്കാരനാണ്. സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റായി മാറ്റിയ സംവിധായകനാണ്. അയാള്‍ എന്നോട് നേരിട്ടു പറഞ്ഞില്ലെങ്കിലും മറ്റൊരാളോട് സിനിമയിലെ പുതിയ പുതിയ വാര്‍ത്തകള്‍ കൈമാറാറുണ്ട്. അത് മാറി മറിഞ്ഞാണ് ലേഡി ഇന്‍ഫോര്‍മറുടെ അടുത്ത എത്തുന്നത്. 

രണ്ട് ദിവസം കഴിഞ്ഞ് ലേഡി ഇന്‍ഫോര്‍മര്‍ വിളിച്ചു.

'ഡിസംബറിന് മുന്‍പ് ദിലീപ് - കാവ്യ വിവാഹം നടക്കും. ഉറപ്പാണ്'.

'ഫോള്‍സ് ന്യൂസ് അല്ലല്ലോ?'

'അല്ല.. തീയതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നല്ലാതെ വിവാഹം മാറില്ല. ധൈര്യമായി കൊടുത്തോളു സര്‍'.

'താങ്ക് യു'.

സന്തോഷത്തിനതിരില്ലായിരുന്നു. മറ്റൊരു വിവാഹം തന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നു പറഞ്ഞിരുന്ന ദിലീപിന് നല്ലൊരു കൊട്ടായിരിക്കും ഈ വിവാഹ വാര്‍ത്ത. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ദിലീപിനെ വിളിച്ചു.

'എന്താ ചേട്ടാ, പുതിയ ബോംബുവല്ലതും കിട്ടിയോ?'

'ഞാനല്ലല്ലോ ബോംബുണ്ടാക്കുന്നത്, നിങ്ങളൊക്കെ തന്നെയല്ലേ? ചോദിച്ച സ്ഥിതിക്ക് പറയാം - ഒരു ബോംബ് കിട്ടി. ഞാനത് പൊട്ടിക്കാന്‍ പോകുന്നു'.

പൊട്ടിച്ചിരിച്ചുകൊണ്ട് പരിഹാസത്തോടെ ദിലീപ് പറഞ്ഞു. 'ചീറ്റിപോകരുത് ചേട്ടാ...'

'ഇല്ല ദിലീപ്. ഇത് ഉഗ്രശേഷിയുള്ള ബോംബാണ്. നിങ്ങളുടെ കപട മുഖം അഴിഞ്ഞു വീഴുന്ന ബോംബായിരിക്കും'.

എന്നിലെ ഉറച്ച ശബ്ദം ദിലീപിനെ നിശബ്ദനാക്കി. ഞാനങ്ങിനെ വെറുതെ പറയില്ലെന്നറിയാം.

'ബോംബിന്റെ പേരു പറയാമോ ചേട്ടാ. ഒരു ക്ലൂ എങ്കിലും തന്നാല്‍ മതി'.

'ഒന്നല്ല, രണ്ട് ക്ലൂ തരാം. എന്താ?'

'വിരോധമില്ലെങ്കില്‍ ചേട്ടന്‍ പറഞ്ഞോളു'.

'ഒരു സസ്പെന്‍സ് ഇരിക്കട്ടെ. ഒരാഴ്ച വെയ്റ്റ് ചെയ്യുക. അതുവരെ ക്ഷമിക്കാനുള്ള കഴിവുണ്ടല്ലോ അല്ലേ?'

'ചേട്ടന്‍ സിരീയസായിട്ടാണോ പറയുന്നത്?'

'അതെ'.

'എങ്കില്‍ അത് എന്താണെന്ന് പറയൂ ചേട്ടാ...'

ദിലീപിന് സ്ന്തോഷം നല്‍കാന്‍ വേണ്ടി ഞാന്‍ സൂചന നല്‍കി. 

'നിങ്ങളുടെ മുന്‍ ഭാര്യ അടുത്ത മാസം ബോംബെയില്‍ വച്ച് വിവാഹിതയാകുന്നു'.

സന്തോഷം പുറത്തുകാണിക്കാതെ, എന്നാല്‍ ഇപ്പോഴും മഞ്ജുവാര്യരെ ഇഷ്ടമാണെന്ന ഭാവത്തില്‍ പറഞ്ഞു.

'അയ്യോ ചേട്ടാ... ആ വാര്‍ത്ത കൊടുക്കരുത്. മഞ്ജു പാവമാണ്. അവള്‍ മറ്റൊരു വിവാഹം കഴിക്കില്ല'.

'ദിലീപെന്തിനാണ് ചങ്ക് പൊട്ടുന്നത്. അവര്‍ ചെറുപ്പമാണ്. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞതല്ലെ? എത്രയും വേഗം വിവാഹിതയാകും'.

'എന്നെക്കുറിച്ച് വാര്‍ത്ത കൊടുത്തോളും, മഞ്ജുവിനെക്കുറിച്ച് വാര്‍ത്ത കൊടുക്കരുത്...'

ദിലീപിന്റെ മറ്റൊരു മുഖം. അയാള്‍ നിര്‍ബന്ധിക്കുമ്പോള്‍ ആ വാര്‍ത്ത ഞാന്‍ കൊടുക്കുമെന്നാണ് ദിലീപ് വിചാരിച്ചത്. കുരങ്ങുകളിപ്പിക്കുകയാണെന്ന് അയാള്‍ക്ക് അറിയില്ലല്ലോ?

'അടുത്ത ലക്കം മഞ്ജുവാര്യരുടെയും പ്രതിശ്രുതവരന്റെയും കവര്‍ ചിത്രത്തോടെയായിരിക്കും വാര്‍ത്ത പ്രസദ്ധീകരിക്കുന്നത്. ദിലീപിന് തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോളു...'

'ഞാന്‍ ചേട്ടനെ വാശിപിടിപ്പിക്കാനില്ല. എന്തു പറഞ്ഞാലും ചേട്ടന്‍ കേള്‍ക്കില്ല, അതുകൊണ്ട് വാര്‍ത്ത കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്തോളൂ. മഞ്ജുവിനോടുള്ള താല്പര്യം കൊണ്ടാണ് ആ വാര്‍ത്ത കൊടുക്കരുതെന്ന് പറഞ്ഞത്...'

'ഞാന്‍ ഇക്കാര്യം മഞ്ജുവിനെ വിളിച്ച് പറയാം. വേര്‍പിരിഞ്ഞിട്ടും ദിലീപിന് മഞ്ജുവിനെ പ്രാണനാണെന്ന്്. എന്താ പറയട്ടെ?'

'വേണ്ട ചേട്ടാ... ഞാനെന്തുപറഞ്ഞാലും എന്റെ ചങ്ക് തുറന്നുകാണിച്ചാലും മഞ്ജു ഇനി വിശ്വസിക്കില്ല. വിശ്വാസമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് വേര്‍പിരിയേണ്ടി വരുമായിരുന്നോ?'

'അതു ശരിയാണ്. പക്ഷെ, ക്ഷമിക്കാവുന്നതില്‍ കൂടുതല്‍ മഞ്ജു ക്ഷമിച്ചില്ലേ! മകള്‍ക്കുവേണ്ടി, നിങ്ങളുടെ കുടുംബ ജീവിതം തകരാതിരിക്കുന്നതിന് വേണ്ടി, സഹിക്കാവുന്നതില്‍ കൂടുതല്‍ സഹിച്ചില്ലെ?'

'ചേട്ടനിപ്പോഴും മഞ്ജുവിന്റെ ഭാഗത്താണല്ലേ? എന്നെ ആരും മനസിലാക്കുന്നില്ല'.

'മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും കാവ്യ മനസ്സിലാക്കുന്നുണ്ടല്ലോ. ഇനി അവരെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുക'. 

ദിലീപ് വിശ്വാസം വരാതെ എന്നെ നോക്കി. ആ കണ്ണുകളില്‍ തിളക്കം കണ്ടു. ഒരു നിമിഷം മാത്രം. എന്നാല്‍ പഠിച്ച കള്ളന്റെ വേഷം അണിഞ്ഞ ദിലീപ് ആദര്‍ശവാനായ ചെറുപ്പക്കാരനെന്നപോലെ പറഞ്ഞു.

'ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു വിവാഹമില്ല. എന്റെ മകള്‍ പ്രായമായിരിക്കുകയാണ്. എനിക്കവളെ പൂര്‍ണമായും സംരക്ഷിക്കണം. മഞ്ജു ഉണ്ടായിരുന്നെങ്കില്‍ ടെന്‍ഷന്‍ ഉണ്ടാകുമായിരുന്നില്ല'.

'മഞ്ജുവിന് മകളെ ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് മകള്‍ക്ക് അമ്മയോട് സ്നേഹമില്ലാത്തതെന്നും ദിലീപല്ലെ പറഞ്ഞത്? ഇപ്പോള്‍ ഇങ്ങിനെയൊക്കെ പറയാന്‍ കാരണം?'

'ഞാനൊരിക്കലും മഞ്ജുവിനെതിരായി സംസാരിച്ചിട്ടില്ല'.

'അതു ശരിയാണ്, പരസ്യമായി പറഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ കോടതിയിലോ?'

'നമുക്കിനി മറ്റെന്തെങ്കിലും സംസാരിക്കാം' ദിലീപ് വിഷയം മാറ്റി.

'ഞാനെന്തു ചോദിച്ചാലും വ്യക്തമായ ഉത്തരം തരാറില്ലല്ലോ?'

'ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിച്ചാല്‍ ഞാനെങ്ങനെ മറുപടി നല്‍കും?'

'എങ്കില്‍ സത്യം പറ, നിങ്ങളുടെ വിവാഹത്തിന്റെ തീയതി തീരുമാനിച്ചോ?'

'എന്നെ കളിയാക്കുകയാണോ? ഞാന്‍ പറഞ്ഞില്ലെ ഇനി എന്റെ ജീവിതത്തില്‍ മറ്റൊരു പെണ്ണ് കടന്നു വരില്ല'.

'തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നു'.

ദിലീപിന് ആശ്വാസമായി. ആയാള്‍ പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നാണ് വിചാരിച്ചത്. അതങ്ങിനെ തന്നെ നില്‍ക്കട്ടെ.

'സിനിമ സംവിധാനം ചെയ്യുന്നത്?'

'ഞാനിപ്പോള്‍ വല്ലാത്ത ടെന്‍ഷനിലാണ്. അങ്ങിനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ ആദ്യം വിളിച്ചുപറയുന്നത് ചേട്ടനെയായിരിക്കും'.

അടക്കിയ ചിരിയോടെ ദിലീപ് പറഞ്ഞു. എന്തോ ആലോചിച്ചിട്ടെന്നവണ്ണം ദിലീപ് ചോദിച്ചു.

'ആരാ ചേട്ടാ മഞ്ജുവിനെ വിവാഹം കഴിക്കുന്ന ആ ഭാഗ്യവാന്‍?'

'നിങ്ങള്‍ക്ക് അറിയാവുന്ന ആളുതന്നെ. അയാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയത് ദിലീപല്ലേ?'

'അയ്യോ... ഞാനോ.... എല്ലാം എന്റെ അക്കൗണ്ടില്‍ തന്നെ എഴുതുകയാണോ? സത്യമായും ഞാനൊന്നും അറിഞ്ഞിട്ടില്ല'.

'അതും ഞാന്‍ വിശ്വസിച്ചു.'

ഞങ്ങളുടെ സംസാരം അവസാനിപ്പിച്ചു. ദിലീപ് എത്ര മനോഹരമായിട്ടാണ് നുണ പറയുന്നത്. ഇനിയൊരു വിവാഹം അയാളുടെ ജീവിതത്തില്‍ ഉണ്ടാകില്ല പോലും. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹമോചനം തന്നെ കാവ്യക്ക് വേണ്ടിയായിരുന്നു. ഒരു നുണ പലപ്രാവശ്യം ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് വിചാരം.

ഏറ്റവും പുതിയ ലക്കത്തില്‍ ദിലീപ് - കാവ്യ വിവാഹം ഫ്ലാഷ് ചെയ്തു. 'ഡിസംബര്‍ അവസാനത്തോടെ ഇരുവരും വിവാഹിതരാകും, സിനിമാരംഗത്തെ ഏറ്റവും അടുപ്പമുള്ളവരെ മാത്രമെ ദിലീപ് വിവാഹത്തിന് ക്ഷണിക്കു'. ആ വാര്‍ത്ത ഒച്ചപ്പാടുണ്ടാക്കി.

വ്യക്തിപരമായി എന്നെ പലരും തേജോവധം ചെയ്തു. 

ദിലീപിനോടുള്ള ശത്രുതകൊണ്ടാണ് ഇങ്ങിനെ ഒരു വാര്‍ത്ത നല്‍കിയതെന്നും ചിലര്‍ മാനേജ്മെന്റിനെ ധരിപ്പിച്ചു. അതിന് എനിക്കൊരു ഉത്തരം മാത്രമെ ഉണ്ടായിരുന്നുള്ളു. 

'ഡിസംബര്‍ മാസം കഴിയട്ടെ, എഴുതിയത് ഞാനാണെങ്കില്‍ അവരുടെ വിവാഹം നടക്കും'.

ഇത്തിരി അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞു.


തുടരും....

 

palliseeri kadha dileep flash back

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES