Latest News

പാദമുദ്രയിലെ അമ്പലമില്ലാതെ എന്ന ഗാനം മാത്രം അവാര്‍ഡിനായി അയച്ചാല്‍ മതി, പുരസ്‌കാരം ഉറപ്പ്; മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും; പാദമുദ്ര പിറവിയെടുത്തിട്ട് 31 വര്‍ഷം പിന്നിടുമ്പോള്‍ സിനിമയെക്കുറിച്ച് വേറിട്ട കുറിപ്പുമായി യുവാവ്

Malayalilife
പാദമുദ്രയിലെ അമ്പലമില്ലാതെ എന്ന ഗാനം മാത്രം അവാര്‍ഡിനായി അയച്ചാല്‍ മതി, പുരസ്‌കാരം ഉറപ്പ്; മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും; പാദമുദ്ര  പിറവിയെടുത്തിട്ട് 31 വര്‍ഷം പിന്നിടുമ്പോള്‍ സിനിമയെക്കുറിച്ച് വേറിട്ട കുറിപ്പുമായി യുവാവ്

മോഹന്‍ലാല്‍ അനിതര സാധാരണമായ അഭിനയം കാഴ്ച വെച്ച എം. സുകുമാരന്‍ ചിത്രമാണ് പാദമുദ്ര. സീമയാണ് നായിക. ചിത്രം റിലീസായിട്ട്  31 വര്‍ഷം തികയുമ്പോള്‍ സഫീര്‍ അഹമ്മദ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. മികച്ച നടനുള്ള മത്സരം നടന്നാല്‍ പാദമുദ്രയിലെ അമ്പലമില്ലാതെ എന്ന ഗാനരംഗം മാത്രം അയച്ചു കൊടുത്താല്‍ മതി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉറപ്പായും മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് കുറിപ്പില്‍ പറയുന്നത്.

‘അഭിനയ മികവിന്റെ പാദമുദ്ര പതിപ്പിച്ച 31 വര്‍ഷങ്ങള്‍’

24 ജൂണ്‍ 1988…

ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകള്‍ ചാര്‍ത്തി മാതു പണ്ടാരവും, നിസ്സഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകള്‍ ചാര്‍ത്തി സോപ്പ് കുട്ടപ്പനും വന്നിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍…. അതെ, മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ, അഭിനയ മികവിന്റെ പൂര്‍ണത പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആര്‍.സുകുമാരന്‍-മോഹന്‍ലാല്‍ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ഇന്നേക്ക് 31 വര്‍ഷങ്ങള്‍…

സ്ത്രീലമ്പടനായ ‘മാതുപണ്ടാര’ത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,
പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന ‘കുട്ടപ്പന്‍’ എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത ‘പാദമുദ്ര’…..

39 വര്‍ഷത്തെ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും… അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന്…. സിനിമ എന്ന മാധ്യമവുമായി യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റില്‍ പോലും പോയിട്ടില്ലാത്ത ആര്‍.സുകുമാരന്‍ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകന്‍ ആണ് മോഹന്‍ലാലില്‍ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത് എന്നത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്….

Image may contain: 2 people

മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയില്‍ എങ്ങനെ വളരെ സ്വഭാവികമായി, എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യന്‍ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ്….
അത്രയ്ക്ക് മികച്ചതായിരുന്നു മാതുപണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം….

‘കുട്ടപ്പാ, കടല വേണൊ’ എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന് മാതു പണ്ടാരം ചായക്കടയില്‍ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്ന രംഗം, അപ്പോള്‍ ചായക്കടയിലുള്ളവരുടെ പരിഹാസ ചിരികള്‍ കണ്ട് ഒന്നും മിണ്ടാതെ അപമാന ഭാരത്താല്‍, തന്റെ മകന്റെ അവസ്ഥയോര്‍ത്ത്, താന്‍ ചെയ്ത തെറ്റില്‍ പശ്ചത്താപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതു പണ്ടാരം… കൂടെ ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും…മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ ആ രംഗത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ… ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരുടെ നിരയിലേയ്ക്ക് മോഹന്‍ലാല്‍ എന്ന നടന്‍ കസേര വലിച്ചിട്ട് ഇരുന്ന രംഗം….

Image may contain: 1 person, close-up

‘അമ്പലമില്ലാതെ ആല്‍ത്തറയില്‍’ എന്ന ഗാനരംഗത്തിലെ മോഹന്‍ലാലിന്റെ അസാധ്യ പെര്‍ഫോമന്‍സാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം…
ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും, ഇടയില്‍ ഭക്തിയില്‍ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള ‘മാതു പണ്ടാര’ത്തിന്റെ ഭാവമാറ്റം… ഗംഭീരം… ഞൊടിയിടയിലാണ് ഈ ഭക്തിയും ശൃംഗാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹന്‍ലാലിന്റെ മുഖത്ത് മിന്നിമറയുന്നത്….
‘സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു’ എന്ന വരികള്‍ക്ക് മോഹന്‍ലാല്‍ കൊടുക്കുന്ന ഭാവവും ഒപ്പമുള്ള തലയാട്ടലും ഒക്കെ ശരിക്കും വിസ്മയിപ്പിക്കുന്നതാണ്… ഇന്ത്യന്‍ സിനിമയില്‍ ഗാനരംഗങ്ങളില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന നടന്‍ എന്നൊരു മല്‍സരം നടക്കുകയാണെങ്കില്‍ മലയാളത്തിന്റെ എന്‍ട്രി ആയി ചിത്രമൊ ഹിസ് ഹൈനസ് അബ്ദുള്ളയൊ ഭരതമൊ ഒന്നും അയക്കേണ്ടതില്ല, പകരം പാദമുദ്രയിലെ ‘അമ്പലമില്ലാതെ’ എന്ന ഗാനരംഗം മാത്രം അയച്ചാല്‍ മതി, ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉറപ്പായും നമ്മുടെ മോഹന്‍ലാല്‍ ഉണ്ടാകും…

മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള മാതുപണ്ടാരത്തിന്റെ കാവടിയാട്ടം, അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക്… ആ കാവടിയാട്ടത്തില്‍ മോഹന്‍ലാല്‍ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും കണ്ട് പ്രേക്ഷകര്‍ ഞെട്ടി എന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല….

സ്ത്രീലമ്പടനായ, സംസാരത്തില്‍ അശ്ലീലം കുത്തി നിറയ്ക്കുന്ന മാതു പണ്ടാരത്തെയാണൊ, അല്ലെങ്കില്‍ കുട്ടിക്കാലം മുതല്‍ തന്റെതല്ലാത്ത കാരണത്താല്‍ മുഴുവന്‍ നാട്ടുക്കാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹന്‍ലാല്‍ കൂടുതല്‍ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം പറയുക പ്രയാസമായിരിക്കും….
അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹന്‍ലാല്‍ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്…

അന്ന്,1988ല്‍ 28 വയസ് മാത്രം പ്രായമുള്ള, കേവലം 8 വര്‍ഷങ്ങളുടെ അഭിനയ പരിചയമുള്ള മോഹന്‍ലാല്‍ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുത്ത സിനിമയാണ് ‘പാദമുദ്ര’…
നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകര്‍ക്കും അവാര്‍ഡ് ജൂറിക്കും ഒരു മുന്‍വിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റല്‍ സീനുകളില്‍ ശോഭിക്കുന്നവര്‍ അല്ലെങ്കില്‍ വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവര്‍ മാത്രമാണ് മികച്ച നടീനടന്മാര്‍ എന്ന്… പ്രിയദര്‍ശന്റെ സിനിമകളില്‍ തലക്കുത്തി മറിയുന്ന, കോമഡിയും ആക്ഷനും മാത്രം ചെയ്യാന്‍ പറ്റുന്ന നടന്‍ എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹന്‍ലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..പാദമുദ്രയ്ക്ക് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളില്‍ അത്യുജ്വല അഭിനയം മോഹന്‍ലാല്‍ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനെ മികച്ച നടനായി അംഗീകരിക്കാന്‍ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേല്‍പ്പറഞ്ഞ മുന്‍വിധി തന്നെ ….
പക്ഷെ പാദമുദ്രയിലെ പെര്‍ഫോമന്‍സിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുന്‍ധാരണകളെ മോഹന്‍ലാല്‍ തിരുത്തി വിമര്‍ശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹന്‍ലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്…..

Image may contain: 3 people, people smiling

1988 ലെ സ്റ്റേറ്റ്/ നാഷണല്‍ ബെസ്റ്റ് ആക്ടര്‍ മല്‍സരത്തിന്റെ അവസാന റൗണ്ടില്‍ പാദമുദ്രയിലെ ഉജ്വല പ്രകടനത്തിലൂടെ മോഹന്‍ലാല്‍ എത്തിയിരുന്നു…
പക്ഷെ മോഹന്‍ലാല്‍ എന്ന 28 ക്കാരന് ഇനിയും അവാര്‍ഡ് ലഭിക്കാന്‍ സമയമുണ്ട്/ അവസരങ്ങള്‍ ഉണ്ട് എന്നും പറഞ്ഞ് അന്നത്തെ അവാര്‍ഡുകള്‍ 80 വയസ്സുക്കാരനായ പ്രേംജിക്ക് കൊടുത്തു അവാര്‍ഡ് ജൂറി…. പ്രോല്‍സാഹനം എന്ന പോലെ 1988 ലെ കേരള സ്റ്റേറ്റ് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊടുത്തു പാദമുദ്രയിലെ പെര്‍ഫോമന്‍സിന്, കൂടെ ആര്യനിലെയും ഉത്സവപ്പിറ്റേന്നിലെയും അഭിനയം കൂടി കണക്കിലെടുത്ത് കൊണ്ട്…

1988 ജൂണ്‍ 24ന്, റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും കണ്ടതാണ് ഞാന്‍ പാദമുദ്ര, 8 ആം ക്ലാസില്‍ പഠിക്കുമ്പോള്‍… കോരിച്ചൊരിഞ്ഞ മഴയിലും വന്‍ തിരക്കായിരുന്നു പാദമുദ്രയ്ക്ക്, അതും ഫാന്‍സ് അസോസിയേഷന്‍ ഒന്നും ഇല്ലാത്ത ആ കാലത്ത്…. ഒരുപക്ഷെ ഇന്ന് ആക്ഷന്‍ ജോണറിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ക്ക് പോലും റിലീസ് ഡേയില്‍ സ്വപ്നം കാണാന്‍ പറ്റാത്ത അത്ര തിരക്ക്….അന്നത്തെ മോഹന്‍ലാല്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകള്‍ ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ടാണ് പാദമുദ്ര ബോക്‌സ് ഓഫിസില്‍ ശ്രദ്ധിക്കപ്പെടാതെ പോയത്….

മോഹന്‍ലാലിന്റെ മികച്ച അഭിനയ മുഹുര്‍ത്തങ്ങളാല്‍ സമ്പന്നമായ പാദമുദ്രയില്‍
നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്… സാലു ജോര്‍ജിന്റെ ഛായാഗ്രഹണവും വിദ്യാധരന്‍ മാസ്റ്ററുടെ സംഗീതവും ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു…

മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച 10 സിനിമകള്‍/പെര്‍ഫോമന്‍സുകള്‍ 1,2,3 എന്ന ഓര്‍ഡറില്‍ എന്നോട് പറയാന്‍ പറഞ്ഞാല്‍ എനിക്കത് പറയാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്…. പക്ഷെ ഒന്നെനിക്ക് ഉറപ്പിച്ച് പറയാന്‍ പറ്റും, മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ തന്നെ പാദമുദ്രയും അതിലെ മാതുപണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും….

പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആര്‍.സുകുമാരന്‍ എന്ന സംവിധായകനോട്, അഗസ്റ്റിന്‍ എന്ന നിര്‍മ്മാതിവിനോട്, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിര്‍ത്തുന്നു.

Read more topics: # mohanlal lmovie padamudra
mohanlal lmovie padamudra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES