സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ ഗഹനയ്ക്ക് സര്‍പ്രൈസായി മോഹന്‍ലാലിന്റെ ഫോണ്‍ കാള്‍. ഗഹനയെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുക യായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോര്‍ജിന്റെ സഹോദരിയുടെ മകളാണ് ഗഹന.
മോഹന്‍ലാലും സുചിത്രയും ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ സിബി ജോര്‍ജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. ഗഹനയെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹന്‍ലാല്‍ വിളിച്ചതില്‍ സന്തോഷം അറിയിച്ച ഗഹന താന്‍ അദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നും പറഞ്ഞു.
''ഗഹനാ, ഇത് മോഹന്‍ലാല്‍ ആണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയതില്‍ അഭിനന്ദനങ്ങള്‍. ഞാന്‍ ജപ്പാനില്‍ പോയിരുന്നു അപ്പോള്‍ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. അദ്ദേഹമാണ് തന്റെ അനന്തരവള്‍ക്ക് റാങ്ക് കിട്ടിയ വിവരം എന്നെ അറിയിച്ചത്. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളില്‍ എത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ''. -ഗഹനയോട് മോഹന്‍ലാല്‍ ഫോണിലൂടെ പറഞ്ഞു.
കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്.മേരീസ് സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ഗഹന, പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടി. യുജിസി നാഷനല്‍ റിസര്‍ച്ച് ഫെലോഷിപ് സ്വന്തമാക്കി.
പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോര്‍ജിന്റെയും മകളാണ്. ജപ്പാന്‍ അംബാസഡര്‍ സിബി ജോര്‍ജിന്റെ അനന്തരവളുമാണ്.