വ്യാഴാഴ്ചയാണ് നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. മീരയുടെ പിതാവിന്റെ പൊതുദര്‍ശനം ഇന്ന് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ഭവനത്തില്‍ നടക്കുകയാണ്. സിനിമാ രംഗത്തുള്ള നിരവധി പേരാണ് മീരയ്ക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത്.
മീരയുടെ പിതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കായി മീരയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ നടന്‍ ദിലീപും നരേനും എത്തിയിരുന്നു. സംവിധായകന്‍ ബ്ലെസിയും എത്തിയിരു്ന്നു. ശുശ്രൂഷകള്‍ക്ക് ശേഷം ശവസംസ്‌കാരം ഞായറാഴ്ച 4 മണിക്ക് Rt. റവ.ഡോ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കാര്‍മീകത്വത്തില്‍ പത്തനംതിട്ട ഇലന്തൂര്‍ മാര്‍ത്തോമ വലിയപള്ളി സെമിത്തേരിയില്‍ നടക്കും.
ജോസഫ് ഫിലിപ്പ് അനേക വര്‍ഷം മുംബൈയിലും പിന്നീട് തിരുവല്ലയിലും, എറണാകുളത്തും ആണ് താമസിച്ചത്. ഭാര്യ എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മക്കള്‍: ജോമോന്‍, ജെനി സൂസന്‍, സാറ റോബിന്‍, മീരാ ജാസ്മിന്‍, ജോര്‍ജി ജോസഫ്. മരുമക്കള്‍: രഞ്ജിത്ത് ജോസ്, Dr റോബിന്‍ ജോര്‍ജ്. കൊച്ചുമക്കള്‍: മിഷേല്‍, എലീന.
ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് കാമറാമാനാണ്.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നിന്ന മീര അടുത്തിടെ സത്യന്‍ അന്തിക്കാടിന്റെ 'മകള്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 'ക്യൂന്‍ എലിസബത്ത്' ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മീര ജാസ്മിന്‍ ചിത്രം. എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നരേനായിരുന്നു നായകന്‍.