തന്റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു. പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും കൊണ്ടുപോയി. മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനല്‍ തുടങ്ങിയത്. യുട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ- മെയില്‍ ഐഡിയും പാസ്വേര്‍ഡും ക്രിയേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്സും ഉണ്ടായിരുന്നു. അവര്‍ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്ലോഡ് ചെയ്തത്. തന്റെ പേരില്‍ ലഭിച്ച പ്‌ളേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'- മീനാക്ഷി പറഞ്ഞു.
വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോള്‍ കോട്ടയം എസ് പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.
മധുര നൊമ്പരം' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം ആരംഭിച്ചത്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ 'വണ്‍ ബൈ ടു' എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് എത്തുന്നത്. 'അമര്‍ അക്ബര്‍ അന്തോണി' (2015) എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 'ഒപ്പം', 'സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്' തുടങ്ങിയ സിനിമകളിലും മീനാക്ഷി പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.