പഴയ കാല നടി മാതു നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മകളില്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്നസെന്റിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിന് സമാധാനം കണ്ടെത്താന്‍ കഴിയട്ടെ എന്ന ആശംസയോടെയാണ് മാതു സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പ് ഇങ്ങനെ:
'ഇന്നസെന്റ് അങ്കിളിന്റെ കുടുംബത്തിന് എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുന്നു. ഇന്നസെന്റ് അങ്കിളിനെ ആദ്യമായി കാണുന്നത് 'പൂരം' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ്. 'കല്യാണ ഉണ്ണികള്‍' എന്ന സിനിമയില്‍ അദ്ദേഹത്തോടൊപ്പം ഒരു ഹാസ്യ രംഗത്തില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതിനുശേഷം സന്ദേശം, ആയുഷ്‌കാലം തുടങ്ങി നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി, അദ്ദേഹം എന്ന ഇദ്ദേഹം എന്നീ സിനിമകള്‍ ചെയ്തതിനു ശേഷമാണ് അദ്ദേഹവുമായി ഏറെ അടുക്കാന്‍ കഴിഞ്ഞത്.
ഞാനും ഇന്നസെന്റ് അങ്കിളും ഒരുമിച്ച് ഒരു ഷൂവിന്റെ പരസ്യം ചെയ്തത് എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. ഏറെ രസകരവും അവിസ്മരണീയവുമായ ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. കൂടെ ജോലി ചെയ്യുന്ന എല്ലാവരോടും അദ്ദേഹം എപ്പോഴും പങ്കുവയ്ക്കുന്ന ഒരു വലിയ സത്യമുണ്ട് 'നമ്മുടെ കടങ്ങള്‍ നമ്മുടെ കുട്ടികളിലേക്ക് കൈമാറരുത്.' സ്വതസിദ്ധമായ ശൈലിയില്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന ഒരു ക്ലാസിക് ആക്ടറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ യശസ്സ് എന്നെന്നും നിലനില്‍ക്കും. ഇന്നസെന്റ് അങ്കിള്‍, അങ്ങയുടെ ഏറ്റവും വലിയ ആരാധികയായ ഞാന്‍ അങ്ങയെ എന്നെന്നും മിസ് ചെയ്യും. അങ്ങയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും ലഭിക്കട്ടെ.''-മാതു കുറിച്ചു.