മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍. ഇതിനൊപ്പം വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മരക്കാരുടെ വേഷവും തലപ്പാവും എന്തിന് കണ്ണ് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഇപ്പോള്‍ മോഹന്‍ലാലിന്റെ മരക്കാര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ആര്‍ക്കിടെക്റ്റും ഗവേഷകനുമായ ജയന്‍ ബീലാത്തിക്കുളം.
മരക്കാര്‍ക്കായി ചിത്രത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന വേഷം ചരിത്രത്തോട് നീതിപുലര്‍ത്തുന്നില്ല എന്നാണ് അദ്ദേഹം തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മോഹന്‍ലാലിന്റെ വേഷം സിക്ക് മതവിശ്വാസികളുടേതുപോലെയാണെന്നാണ് ജയന്‍ പറയുന്നത്. അക്കാലത്തെ മുസ്ലീം മതവിശ്വാസികളുടെ വേഷം പഠനവിധേയമാക്കിവേണം മരക്കാരുടെ വേഷം തീരുമാനിക്കാന്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇപ്പോഴത്തേത് സിനിമാറ്റിക് വേഷംകെട്ടലായിട്ടാണ് തോന്നുന്നതെന്നും ജയന്‍ പറഞ്ഞു.
ഫേയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ:-
കുഞ്ഞാലിമരയ്ക്കാരോ ? കുഞ്ഞാലി സര്‍ദാര്‍ജിയോ? ചരിത്രം ചലച്ചിത്രമാക്കുമ്പോള്‍ ചരിത്രത്തോടു നീതി പുലര്‍ത്തണം. എന്നാല്‍ സിനിയെന്ന കലാ മാധ്യമത്തിന്റെ വിജയ സാധ്യതകള്‍ തള്ളിക്കളയരുത്. അതിന്റെ ഉത്തമ ഉദാഹരണമാണ് മലയാള സിനിമയിലെ എക്കാലെത്തെയും നല്ല സിനിമയായ 'കാലാപാനി'. അതിനൊപ്പം എത്തുന്ന ഒരു ചരിത്ര സിനിമയും ഉണ്ടായിട്ടില്ല. അതിന്റെ സംവിധായകനാണ് പ്രിയദര്‍ശന്‍. 'കുഞ്ഞാലി മരയ്ക്കാര്‍; എന്ന പുതിയ ചിത്രം കോഴിക്കോടിന്റെ ചരിത്രമാണ് പറയുന്നത്. സാമൂതിരി രാജാവിന്റെ പടനായകനായ വടകര കോട്ടക്കല്‍ സ്വദേശി, കടലിന്റെ അധിപനായ കുഞ്ഞാലി മരയ്ക്കാരാണ് അന്ന് ലോക പ്രശസ്തമായ കാലിക്കുത്ത് എന്ന കോഴിക്കോടിന്റെ വാണിജ്യ രംഗത്തെയും തുറമുഖങ്ങളെയും നിയന്ത്രിച്ച സൈനിക ശക്തി.
ഇത്രയും എഴുതാന്‍ കാരണം ബാഹുബലി ഒരു ഫാന്റസി സിനിമയാണെന്നും . എന്നാല്‍ കുഞ്ഞാലി മരയ്ക്കാര്‍ അങ്ങിനെയല്ല, അത് ചരിത്രമാണ്. ചരിത്ര സിനിമയില്‍ വേഷം, കാലം എന്നിവ പ്രധാനമാണ്. പുരാതന കോഴിക്കോടിന്റ ചരിത്രത്തിലേക്കുള്ള തിരിച്ചു പോക്കാണ് സിനിമ. എന്നാല്‍ ഈ സിനിമയില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാണ്. മഹാനടനന്റെ നടന വിസ്മയത്തില്‍ മരയ്ക്കാര്‍ ചരിത്ര ഭാഗമാകും. ഞാന്‍ പറഞ്ഞു വന്നത് മരയ്ക്കാരുടെ കൊസ്റ്റ്യൂം വേഷവിധാനത്തെക്കുറിച്ചാണ്. അതിന് സിക്ക് മതവിശ്വാസിയുടെ വേഷത്തിനോടാണ് സാമ്യം.
കോഴിക്കോട് സാമൂതിരി പോലും പട്ടു പുതച്ചു നടന്ന കാലത്തെപ്പറ്റി ചരിത്ര പുസ്തകളില്‍ പ്രതിപാതിക്കുന്നുണ്ട. അക്കാലത്തെ മുസ്ലീംമത വിശ്വാസികളുടെ വേഷം പഠനവിധേയമാക്കണം. തടിച്ച ചണം കൊണ്ടു നിര്‍മ്മിച്ച കുടുക്കുകള്‍ ഇല്ലാത്ത കുപ്പായങ്ങളും ശാലിയ സമുദായക്കാര്‍ നെയ്ത തുണികളും തുകല്‍ അരപ്പട്ടകളും കൊല്ലാന്റ മൂശയില്‍ വാര്‍ത്ത ഇരുമ്പ് ആയുധങ്ങളും ധരിച്ച മരയ്ക്കാരെ നമുക്കറിയാം.
ഈ കഴിഞ്ഞ തലമുറയിലെ മുസ്ലിീ വേഷവിധാനം നമുക്കറിയാം. ഇതില്‍ നിന്നും വ്യത്യസ്തമായ ചരിത്രത്തോടു നീതി പുലര്‍ത്താത്ത ഈ കുഞ്ഞാലി മരയ്ക്കാരുടെ വേഷം ഒരു സിനിമാറ്റിക്ക് വേഷം കെട്ടലായി എന്നു തോന്നുന്നു. ചരിത്രം ഇഷ്ട വിഷയമായതുകൊണ്ട് പറഞ്ഞു എന്നു മാത്രമെന്നും ജയന്‍ പറയുന്നു.