Latest News

ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി; പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി;അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു; മഞ്ജു വാര്യര്‍ പങ്ക് വച്ചത്

Malayalilife
ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി; പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി;അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു; മഞ്ജു വാര്യര്‍ പങ്ക് വച്ചത്

അന്തരിച്ച നടന്‍ ഇന്നസെന്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍. ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിയരുന്നു ഇന്നസെന്റെന്ന് മഞ്ജു ഫെയ്‌സ്ബുക്കിലൂടെ പങ്ക് വച്ചുഒരിക്കല്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി ഇന്നസെന്റിനെ കണ്ടപ്പോഴുണ്ടായ അനുഭവമാണ് മഞ്ജു വാര്യര്‍ കുറിച്ചത്.

ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവകഥകള്‍ പറയാന്‍ തുടങ്ങിയെന്നും എന്നാല്‍ കഥ ഓര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മഞ്ജു പറഞ്ഞു. കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നും അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായാണ് കാണുന്നതെന്നും താരം കുറിച്ചു. 'അടുത്ത തവണ കാണുമ്പോള്‍ ഓര്‍മ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ലെന്നും' താരം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം
ഏതു കടലിനക്കരെയായിരുന്നാലും ഇടയ്ക്കിടെ ഫോണിലൂടെ പറന്നെത്തുന്ന ചിരിപ്പക്ഷിയായിരുന്നു ഇന്നസെന്റേട്ടന്‍. മണിക്കൂറുകള്‍ നീളും വര്‍ത്തമാനം. ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു ചില വേളകളില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയ മനസ്സിന്റെ ചിലയിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി രഹസ്യകഥകളുടെ ഏടുകളെടുത്ത് നിവര്‍ത്തി. ചില നേരങ്ങളില്‍ ജീവിതം എത്രമേല്‍ സങ്കീര്‍ണമായ പദപ്രശ്നമാണെന്ന് ഓര്‍മിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഒടുവില്‍, ദുബായിലായിരുന്ന സമയത്താണ് ഇന്നസെന്റേട്ടന്റെ ഫോണ്‍ വന്നത്. അസുഖവിവരത്തിന്റെ ആമുഖം പറഞ്ഞപ്പോള്‍പ്പോലും ഏതോ തമാശക്കഥയുടെ തുടക്കമാണെന്നേ കരുതിയുള്ളൂ. തിരിച്ചെത്തിയിട്ട് നേരിട്ട് കാണണം എന്ന് പറഞ്ഞു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍പ്പോയി കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പതിവുപോലെ ഏതൊക്കയോ അനുഭവലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പക്ഷേ ഓര്‍മയുടെ ഏതോ കവലയില്‍ നില്‍ക്കെ അദ്ദേഹത്തിന് വഴിതെറ്റി. പറയാന്‍ തുടങ്ങിയ കഥ എത്ര ശ്രമിച്ചിട്ടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയൊരു ഇന്നസെന്റേട്ടനെ ആദ്യമായി കാണുകയായിരുന്നു. അടുത്ത തവണ കാണുമ്പോള്‍ ഓര്‍മ്മിച്ചു പറയാം എന്ന വാക്കു തന്നാണ് ഇന്നസെന്റേട്ടന്‍ യാത്ര അയച്ചത്. എന്തായിരുന്നു ആ കഥ? എന്നെങ്കിലും കാണുമ്പോള്‍ ഇന്നസെന്റേട്ടന്‍ അത് ഓര്‍ത്ത് പറഞ്ഞുതരാതിരിക്കില്ല...
 

 

manju warrier write up about innocent

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES