മലയാള സാഹിത്യത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് അനുശോചനമറിയിച്ച് മഞ്ജു വാര്യരും കമല്‍ഹാസനും.നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് നടന്‍ കമല്‍ ഹാസന്‍ കുറിച്ചു. മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമാണ് അദ്ദേഹം. മലയാളത്തിന് തന്നെ പരിചയപ്പെടുത്തിയ കന്യാകുമാരി എന്ന സിനിമയുടെ എഴുത്തുകാരനുമായുള്ള സൗഹൃദത്തിന് 50 വയസ്സായി. ഒടുവില്‍ മനോരഥങ്ങള്‍ എന്ന ടെലിവിഷന്‍ പരമ്പരവരെ ആ സൗഹൃദം തുടര്‍ന്നെന്നും കമല്‍ ഹാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ തനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്കെന്ന് മഞ്ജു കുറിച്ചു.
എംടിയെ ഓര്‍ത്ത് സംവിധായകന്‍ വി എ ശ്രീകുമാര്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.
വി എ ശ്രീകുമാറിന്റെ കുറിപ്പ്
ഒരു ഊഴം കൂടി തരുമോ... അങ്ങയുമായി കഥ പറഞ്ഞിരിക്കുവാന്‍. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്.എന്റെ അച്ഛന്‍ വിക്ടോറിയ കോളേജില്‍ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് ''വളര്‍ത്തു മൃഗങ്ങള്‍'' എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങു പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവന്‍ അന്ന് ജെമിനി സര്‍ക്കസിന്റെ മാനേജരായിരുന്നു. അച്ഛനും അങ്ങുമൊന്നിച്ച് സര്‍ക്കസ് കാണാന്‍ പോവുകയും ആ ജീവിതം നേരില്‍ കാണുകയും ചെയ്തതെല്ലാം. സര്‍ക്കസ് വൈകുന്നേരമാണല്ലോ. അതിനു മുന്‍പ് അച്ഛന്‍ പെര്‍മിഷന്‍ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകള്‍ സര്‍ക്കസ് കൂടാരത്തില്‍ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളര്‍ത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്.രണ്ടാമൂഴം നടക്കാതെ പോയതില്‍ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല. അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്‌ക്കരിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രണ്ടു കയ്യും എന്റെ ശിരസില്‍ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാര്‍ത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നല്‍കിയ ഈ ശക്തി കൂടിയുണ്ട്.വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ...