Latest News

മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ

Malayalilife
topbanner
മോഹൻലാലും ലൂസിഫറും വാണു; 200 കോടിയിലധികം നേടിയ ലൂസിഫറിലൂടെ മലയാള സിനിമാ വിപണിയുടെ പാതി ഒറ്റക്ക് താങ്ങി ലാലേട്ടൻ; മമ്മൂട്ടിയുടേത് അതിഗംഭീര തിരിച്ചുവരവ്; വെടിതീർന്ന് ദിലീപും ജയറാമും; ഫ്ളോപ്പായി ദുൽഖറും പ്രണവും; നിവിൻ പോളിക്കും തിരിച്ചടി; പിടിച്ചുനിന്നത് ആസിഫലിയും ഷെയിൻ നിഗവും; 82 ചിത്രങ്ങളിൽ ആകെ വിജയിച്ചത് വെറും 15 എണ്ണം മാത്രം; അർധവർഷ ബാലൻസ്ഷീറ്റിലും മലയാള വാണിജ്യ സിനിമയെന്നാൽ ലാലും മമ്മൂക്കയും തന്നെ

ആകെ അഞ്ചൂറു കോടിയുടെ മുതൽമുടക്കുള്ള ഒരു വ്യവസായത്തിൽ അതിന്റെ മുന്നൂറുകോടിയുടെയും ബിസിനസ് നടത്തിത് വെറും രണ്ടേ രണ്ട് ചിത്രങ്ങൾ. 82 ചിത്രങ്ങൾ ഇറങ്ങിയതിൽ തീയേറ്ററിൽനിന്ന് മുടക്കുമുതൽ തിരിച്ചു പടിക്കാൻ കഴിഞ്ഞത് വെറും 15 ചിത്രങ്ങൾക്ക് മാത്രം. അമ്പതോളം ചിത്രങ്ങൾക്ക് വെറും ഒരാഴ്ചപോലും തികക്കാനായില്ല. 2019 ജനുവരി മുതൽ ജൂൺവരെയുള്ള മലയാള സിനിമയുടെ അർധവർഷ കണക്കാണിത്. 200 കോടിയുടെ റിക്കോർഡ് ബിസിനസ് നേടിയ മോഹൻലാലിന്റെ ലൂസിഫറും, 100 കോടി ക്ലബിലെത്തിയ മമ്മൂട്ടിയുടെ മധുരരാജയും ഇല്ലായിരുന്നെങ്കിൽ ഈ വ്യവസായത്തിന്റെ സ്ഥിതി എന്താവുമെന്ന് ചിന്തിച്ചു നോക്കുക.

അതായത് ഈ രണ്ടു 'വെറ്ററൻ സൂപ്പർ താരങ്ങളും' തന്നെയാണ് മലയാള സിനിമാ വ്യവസായത്തെ നിലനിർത്തുന്നതെന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും റിസ്‌ക്കുള്ള വ്യവസായങ്ങളിൽ ഒന്നാണ് മലയാള സിനിമയെന്ന് ചുരുക്കം. ശതമാനക്കണക്കിൽ നോക്കുമ്പോൾ മുതൽ മുടക്കുന്നവന് അതിതരിച്ചു കിട്ടാനുള്ള സാധ്യത വെറും പത്തു ശതമാനം മാത്രം. എന്നിട്ടും ഈയാംപാറ്റ നിർമ്മാതാക്കൾ എന്നിട്ടും ഒരുപാട് ഇറങ്ങുന്നു എന്നുതന്നെ അത്ഭുദപ്പെടുത്തുന്നു.

ദുൽഖറും നിവിൻപോളിയും ദിലീപും പ്രഥ്വിരാജും കുഞ്ചാക്കോ ബോബനുമടക്കമുള്ള താരനിര തലകുത്തി വീണ അർധവർഷത്തിൽ പിടിച്ചു നിന്നത് ഷെയിൻ നിഗവും ആസിഫലിയും മാത്രമായിരുന്നു. ലൂസിഫറിന്റെ സംവിധാനത്തിൽ കൈയടി നേടിയ പ്രഥ്വീരാജിന് പക്ഷേ നടൻ എന്ന നിലയിൽ വിജയം നേടാനായില്ല. 

ലൂസിഫർ (200 കോടി), മധുരരാജ( 100 കോടി) കുമ്പളങ്ങി നൈറ്റ്സ് (40 കോടി) എന്നിങ്ങനെ മൂന്ന് സൂപ്പർ ഹിറ്റുകളാണ് ഈ വർഷം ഉണ്ടായത്. ഉണ്ട, ഉയരെ, ഇഷ്‌ക്ക്, തമാശ തുടങ്ങിയ കലയും കച്ചവടവും സമ്മേളിച്ച നിരവധി ചിത്രങ്ങളും വിജയമായി. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ പ്രതിസന്ധി ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. വൻകിട സിനിമകൾക്കൊപ്പം റിയലിസ്റ്റിക്കായി എടുക്കുന്ന ചെറിയ ചിത്രങ്ങളും പ്രേക്ഷകർ അംഗീകരിക്കുന്നുണ്ട്, വൻതോതിൽ വിജയിപ്പിക്കുന്നുണ്ട്. പക്ഷേ യാതൊരു വാലും തലയുമില്ലാതെ സിനിമയെടുത്തിട്ട് പ്രേക്ഷകനെ കുറ്റപ്പെടുത്തുന്നിൽ എന്താണ് കാര്യം.

അതേസമയം തിരമലയാളത്തിന്റെ വിപണി സാധ്യതകൾ ഒരുപോലെ വർധിച്ച കാലമാണ് ഇത്. ലോകമെമ്പാടും മലയാള സിനിമ റിലീസ് ചെയ്യാൻ കഴിയുന്നു. തീയേറ്റർ കളക്ഷൻ മാത്രമല്ലാതെ മറ്റ് പലമേഖലകളിൽനിന്നുമായി പണം വരുന്നു. സാറ്റലെറ്റ് ഓവർസീസ് റൈറ്റുകളിൽ ഉണ്ടായ തിരിച്ചടിയും മാറിവരുന്നുണ്ട് എന്നത് ആശ്വാസമാണ്.

2019 അർധവർഷത്തിലെ വിജയ ചിത്രങ്ങൾ ഇവയാണ്

1, ലൂസിഫർ 2 മധുരരാജ 3 കുമ്പളങ്ങി നൈറ്റ്സ് 4 ഉയരെ 5 ഇഷ്‌ക്ക് 6 ഉണ്ട 7 തമാശ 8 കക്ഷി അമ്മിണിപ്പിള്ള 9 വിജയ് സൂപ്പറും പൗർണമിയും 10 വൈറസ്. ഈ പത്തു ചിത്രങ്ങൾക്ക് പുറമെ കുറഞ്ഞ മുടക്കുമുതലും സാറ്റലൈറ്റും ലോങ്ങ് റണ്ണിലെ കളക്ഷനും കൂടി പരിഗണിക്കുമ്പോൾ അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജൂൺ, ആൻഡ് ദ ഓസ്‌ക്കാർ ഗോസ് ടു, അതിരൻ, മേരാം നാം ഷാജി എന്നീ ചിത്രങ്ങളെയും വിജയചിത്രങ്ങളായി പരിഗണിക്കാമെന്ന് മാത്രം. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്ന നിലയിൽ വന്ന അമ്പതോളം സിനിമകൾ വന്നതും പോയതും ആരും അറിഞ്ഞില്ലെന്ന് മാത്രം.

താരം ലാലേട്ടൻ തന്നെ

ഈ വർഷം ജനുവരി മുതൽ ജൂൺവരെയായി മൊത്തം 500 കോടി രൂപയുടെ ബിസിനസാണ് മലയാള സിനിമയിൽ നടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഇതിൽ 200 കോടിയിലേറെ ബിസിനസ് നടത്തിയിരിക്കുന്നത് ഒരേ ഒരു വ്യക്തിയുടെ കെയർഓഫിലാണ്. അതാണ് സാക്ഷാൽ മോഹൻലാൽ. പ്രഥ്വീരാജ് സംവിധായകനായ ലൂസിഫറിന്റെ ബ്രഹ്മാണ്ഡ വിജയം ഒരിക്കൽ കൂടി അടിവരയിടുന്നത് ലാൽ എന്ന നടന്റെ വിപണി സാധ്യതകൾ തന്നെയാണ്. കേരളത്തിൽ മാത്രമല്ല ഇതരസംസ്ഥാനങ്ങളിലും ദുബൈയിലും അമേരിക്കയിലുമൊക്കെ ആളുകൾ ലൂസിഫർ കാണാൻ തിക്കിത്തരക്കി. പുലിമുരുകന്റെ 150 കോടിയുടെ റേക്കോർഡ് മറികടന്ന് ലൂസിഫർ 200 കോടിയിലേക്ക് കുതിച്ചപ്പോൾ, മലയാള സിനിമയുടെ വിപണി സാധ്യതയുമാണ് വർധിച്ചത്. ഇന്ന് ചൈനയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മാർക്കറ്റ് ചെയ്യത്തക്ക രീതിയിൽ മലയാള സിനിമ വളർന്നതിന് പിന്നിൽ മോഹൻലാൽ എന്ന നടന്റെ താര സ്വാധീനത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞവർഷം 'ഒടിയൻ' കണ്ട് തലയിൽ മുണ്ടിട്ടറങ്ങിപ്പോകേണ്ടി വന്ന ലാൽ ആരാധകർ തകർത്ത് ആഘോഷിച്ച പടമായിരുന്നു ലൂസിഫർ.

ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ഇട്ടിമാണി, കുഞ്ഞാലിമരക്കാർ തുങ്ങിയവയാണ് മോഹൻലാലിന്റെ ഈ വർഷം റിലീസ് ആവുമെന്ന് കരുതുന്ന ചിത്രങ്ങൾ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തരിക്കുന്നത്.

മമ്മൂട്ടി തിരിച്ചു വന്ന അർധ വർഷം

കഴിഞ്ഞ കുറേക്കാലമായി തിളക്കം മങ്ങിവരികയായിരുന്ന മമ്മൂട്ടി അതിശക്തമായി തിരച്ചുവന്ന അർധ വർഷമായിരുന്നു ഇത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിക്കാൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ നടന് കഴിഞ്ഞു. പേരന്മ്പ് എന്ന തമിഴ് ചിത്രത്തിലെ ഹൃദയംഭേദകമായ പ്രകടനത്തിന് ഈ നടനെ ഒരിക്കൽ കൂടി ദേശീയ അവാർഡ് കാത്തിരിക്കുന്നുണ്ടെന്ന് തോനുന്നു. കേരളത്തിലും പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ഇത്. അതുപോലെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര കേരളത്തിൽ ചലനം സൃഷ്ടിച്ചില്ലെങ്കിലും ആന്ധ്രയിൽ ഭരണമാറ്റത്തിനുവരെ കാരണമായേക്കാവുന്ന തരംഗമാണ് ഇതുണ്ടാക്കിയത്. വൈഎസ് ജഗമോഹൻ റെഡ്ഡിയായി വേഷമിട്ട മമ്മൂട്ടിയുടെ യാത്ര സിനിമ, തങ്ങൾക്ക് ഏറെ ഗുണം ചെയ്്തുവെന്ന് ഇപ്പോഴത്തെ ആന്ധ്രാ മുഖ്യമന്ത്രിയും വൈഎസ്ആറിന്റെ മകനുമായ ജഗൻ മോഹൻ റെഡ്ഡി തന്നെ സമ്മതിച്ചതാണ്.

മലയാളത്തിൽ പോക്കിരിരാജയുടെ തുടർച്ചയായി ഇറങ്ങിയ മധുരരാജ ആദ്യമായി നൂറകോടി ക്ലബിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന് ഖ്യാതിയിലാണ്. കലാപരമായി നോക്കുമ്പോൾ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഈ വൈശാഖ് ചിത്രത്തെ പക്ഷേ ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ് സൃഷ്ടിച്ച തരംഗം ബ്ലോക്ക് ബസ്റ്ററാക്കി. ജൂണിൽ ഇറങ്ങിയ മമ്മൂട്ടിയുടെ 'ഉണ്ട' നല്ല സിനിമയെ സ്നേഹിക്കുന്നവർക്കുള്ള ഉപഹാരമായി. ഖാലിദ് റഹ്മാൻ എന്ന യുവ പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം ബോക്സോഫീസിലും നല്ല പ്രകടനം തുടരുകയാണ്. മാമാങ്കം ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലും ആരാധകർക്ക് വൻ പ്രതീക്ഷയാണ്.

മികച്ച ചിത്രം ഇളയരാജ

മികച്ച ചിത്രമായിട്ടും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രമായിപ്പോയി മാധവ് രാംദാസിന്റെ ഇളയരാജ. മേൽവിലാസം, അപ്പോത്തിക്കിരി, എന്നീ തന്റെ മുൻകാല സിനിമകൾക്ക് സംഭവിച്ച അതേ പാളിച്ചയാണ് ഈ ചിത്രത്തിലും മാധവ് രാംദാസിന് ഉണ്ടായത്. മാർക്കറ്റിങ്ങിൽ പാളി. നല്ലതാണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ തീയേറ്ററിൽ എത്തുമ്പോഴേക്കും ചിത്രം ഹോൾഡ് ഓവറായി കഴിഞ്ഞിരുന്നു. ഗിന്നസ് പക്രുവും ഹരിശ്രീ അശോകനും അടക്കമുള്ളവരുടെ കരിയർ ബെസ്റ്റ് പ്രകടനമുള്ള ഈ കൊച്ചു ചിത്രം ഈ അർധവർഷത്തിൽ സാമ്പത്തിക വിജയം അർഹിച്ച ചിത്രം കൂടിയായിരുന്നു. അതുപോലെ ടി വി ചന്ദ്രന്റെ പെങ്ങളിലയെയും പ്രേക്ഷകർ കൈയൊഴിഞ്ഞു. കുമ്പളങ്ങി നൈറ്റ്സ്, ഉണ്ട , ഉയരെ, ഇഷ്‌ക്ക് , അതിരൻ, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് തുടങ്ങിയ ചിത്രങ്ങളും ഈ അർധവർഷം കണ്ട മികച്ച ചിത്രങ്ങളാണ്. തമാശ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ചിത്രങ്ങളും ഫീൽ ഗുഡ് മൂവിയെന്ന് പേരെടുത്തു. ഇതിൽ അതിരനും, അർജന്റീന ഫാൻസ് കാട്ടുർക്കടവും കുറച്ചൂകൂടി നല്ല സാമ്പത്തിക വിജയം അർഹിച്ചിരുന്ന സിനിമായിരുന്നു.

യുവതാരങ്ങൾ വീണത് മൂക്കും കുത്തി

മമ്മൂട്ടിയും മോഹൻലാലും ഒരുപോലെ തിളങ്ങിയപ്പോൾ, താരമക്കൾ വീണത് മൂക്കും കുത്തിയാണ്. ഒന്നര വർഷത്തെ ഇടവേളക്കുശേഷം 'ഒരു യമണ്ടൻ പ്രേമകഥയുമായി' എത്തിയ ദുൽഖർ യമണ്ടൻ പരാജയമാണ് ഏറ്റുവാങ്ങിയത്. മോഹൻലാലിന്റെ ഇരുപതാംനൂറ്റാണ്ടിന്റെ പേര് അനുകരിച്ചുകൊണ്ട് മകൻ പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി എത്തിയപ്പോൾ, നിലവാരത്തകർച്ചമൂലം അതിനേയും പ്രേക്ഷകർ കൈവിട്ടു. ദിലിപിനാകട്ടെ അവകാശപ്പെടാൻ ഒരു വിജയം പോലമില്ലാതായപ്പോൾ, പ്രഥീരാജിന്റെ 9 എന്ന ചിത്രവും അത് അർഹിക്കുന്ന രീതിയിൽ പൊട്ടി. നിവിൻപോളിയുടെ മിഖായേലിനും ഇതുതന്നെയായിരുന്നു അവസ്ഥ. മുൻവർഷങ്ങളിലെ വണ്ടർബോയ് ടൊവീനോ തോമസ്, സോളോ നായകനായ ലൂക്കയും, ആൻഡ് ദ ഓസ്‌ക്കാർ ഗോസ് ടു വിനും തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് കിട്ടിയത്. അതുപോലെ പ്രിയാവാര്യരുടെ കണ്ണിറുക്കലിലൂടെയും, മാണിക്യമലരായ പൂവി വിവാദത്തിലൂടെയും ശ്രദ്ധേയമായ അഡാർ ലൗവും, അഡാർ ഊടായി മാറി.

മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഇന്റനാഷണൽ ലോക്കൽ സ്റ്റോറി, കുട്ടിമാമ ,ചിൽഡ്രസ് പാർക്ക് , തൊട്ടപ്പൻ എന്നീ ചിത്രങ്ങളും ദുരന്തങ്ങളായി. ഇതിൽ ഹിറ്റ്മേക്കറായ ജീത്തു ജോസഫാണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി സംവിധാനിച്ചത്. അരോചക കോമഡി കുത്തിനിറച്ച ചിൽഡ്രസ് പാർക്ക് എടുത്തത് മറ്റൊരു ഹിറ്റ് മേക്കർ ഷാഫിയുമാണ്. അതായത്് പഴയ സംവിധായകരുടെയും നിലവാരം കുത്തനെ ഇടിയുകയാണെന്ന് ചുരുക്കം. അതേസമയം പ്രതിഭ തെളിയിച്ച ഒരു പാട് യുവ സംവിധായകരുടെ മിന്നലാട്ടങ്ങളും ഈ അർധ വർഷം കണ്ടു. മനു അശോകൻ ( ഉയരെ), വിവേക് ( അതിരൻ),അനുരാഗ് മനോഹർ ( ഇഷ്‌ക്ക് ) അഷറഫ് ഹംസ ( തമാശ) ദിൻജിത്ത് അയ്യത്താൻ ( കക്ഷി അമ്മിണിപ്പിള്ള) എന്നീ പുതുമുഖ സംവിധായകൻ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ദിലീഷ് പോത്തന്റെ ശിഷ്യൻ മധു സി നാരായണൻ സംവിധാനം ചെയ്ത കന്നി സംരംഭമായ കുമ്പളങ്ങി നൈറ്റ്സിനെക്കുറിച്ചും മലയാളം ഏറെ ചർച്ച ചെയ്തു കഴിഞ്ഞു. ഈ നവാഗതരുടെ കൈയിലായിരിക്കും ഇനിയുള്ള മലയാള സിനിമയുടെ ഭാവിയും.

ഈ വർഷം സ്‌കോർ ചെയ്ത രണ്ടു നടന്മാരാണ് ആസിഫലിയും ഷെയിൻ നിഗവും. കുമ്പളങ്ങിയും ഇഷ്‌ക്കും ഷെയിനിനും, കക്ഷി അമ്മിണിപ്പിള്ളയും, വിജയസൂപ്പറു പൗർണമിയും ആസിഫിലിക്കും ശരിക്കും ഗുണം ചെയ്തു. ഉയരെയിലെ 'വെറുപ്പിക്കൽ മല്ലുവായുള്ള' ആസിഫലിയുടെ പ്രകടനവും ഇമേജ് ബ്രേക്കിങ്ങ് ആയിരുന്നു. തമാശ എന്ന ഒറ്റപ്പടത്തിലൂടെ തലവരമാറുകയാണ് വിനയ് ഫോർട്ടിന്. നടിമാരിൽ തിളങ്ങി നിൽക്കുന്നത് ഉയരേയിലെ പാർവതി തന്നെ.

malayalam cinema 2019 half year box office report

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES