പൃഥ്വിരാജ് - ബ്ലെസി കൂട്ടികെട്ടിലിറങ്ങിയ 'ആടുജീവിതം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ടാഴ്ച മുമ്പാണ് സിനിമ ലോകമെമ്പാടും റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സിനിമയാക്കിയത്. അമ്പലപ്പുഴ സ്വദേശിയായ നജീബിന്റെ ജീവിതമാണ് ഇതില്‍ പറയുന്നത്.
ബ്ലെസിയുടെ സംവിധാനത്തെയും പൃഥ്വിരാജിന്റെ അഭിനയത്തെയുമൊക്കെ പ്രേക്ഷകര്‍ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. നജീബായി പൃഥ്വിരാജിന് പകരം മറ്റൊരാളെ സങ്കല്‍പിക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആടുജീവിതത്തിനായി തന്റെ പതിനാറ് വര്‍ഷങ്ങളാണ് ബ്ലെസി മാറ്റിവച്ചത്.
അതേസമയം, ആടുജീവിതം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും പൃഥ്വിരാജിനെയായിരുന്നില്ല നായകനായി കണ്ടിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ് ഇപ്പോള്‍. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
ലാല്‍ ജോസിന്റെ വാക്കുകള്‍
ആടുജീവിതം നോവല്‍ വായിച്ച ശേഷം ബെന്യാമിനെ സന്ദര്‍ശിച്ച്, നോവല്‍ സിനിമയാക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതുകേട്ടപ്പോള്‍ ബെന്യാമിന് സന്തോഷമായിരുന്നു. ഇത്രയും കാലം ഒരു സൂപ്പര്‍സ്റ്റാറിനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ വരുമെന്ന് കരുതി. മാത്രമല്ല ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെല്ലാം ബുദ്ധിമുട്ടാണ്. അതിനാല്‍ പുതുമുഖത്തെയാണ് കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. ഡല്‍ഹി സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ നിന്നുള്ള ഒരാളെയായിരുന്നു കണ്ടുവച്ചത്.
ഇതിനിടയില്‍ ഒരു മാഗസീനില്‍ ഞാന്‍ ഈ നോവല്‍ സിനിമയാക്കുന്നുവെന്ന് പറഞ്ഞ് വാര്‍ത്ത വന്നു. അപ്പോള്‍ ബ്ലെസിയുടെ കോള്‍ വന്നു. ഒരുപാട് മുന്നോട്ടുപോയോ, ഇല്ലെങ്കില്‍ എനിക്ക് തരാമോയെന്ന് ചോദിച്ചു. ഇതിന് അദ്ദേഹം ഒരു വര്‍ഷമെടുത്തെഴുതിയ സ്‌ക്രിപ്റ്റുമായി സാമ്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണിഷ്ടമെന്ന് പിന്നീട് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ ഇത് വിട്ടുകൊടുത്തത്.
ഇപ്പോള്‍ റിലീസ് ചെയ്ത സിനിമ പോലെയായിരുന്നില്ല ഞാന്‍ പ്ലാന്‍ ചെയ്ത സിനിമ. മാത്രമല്ല ബ്ലെസിയെ പോലെ ഇത്രയും വര്‍ഷമൊന്നും ഒരു ചിത്രത്തിന് വേണ്ടി മാറ്റിവയ്ക്കാനൊന്നും എനിക്ക് സാധിക്കില്ല. ഇത്രയും ക്ഷമയോടെ ആ സിനിമ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനേ കഴിയൂ.