നടി കീര്‍ത്തി സുരേഷിനെ പ്രശംസിച്ച് ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍. തന്റെ ഭാര്യയും നടിയുമായ ശ്രീദേവി കഴിഞ്ഞാല്‍ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീര്‍ത്തി എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്ന മാമന്നന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ബോണി കപൂര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കീര്‍ത്തി സുരേഷ് , ഉദയനിധി സ്റ്റാലിന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്‍'. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നടന്‍ വടിവേലുവും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എ.ആര്‍. റഹ്മാനാണ് സംഗീതം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു നടി ശ്രീദേവിയുടേത്. 2018 ഫെബ്രുവരി 24ന് ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ശ്രീദേവിയും കുടുംബവും ദുബൈയില്‍ എത്തിയതായിരുന്നു
നിര്‍മാതാവായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. മലയാളത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരത്തിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ഇന്ന് വിവിധ ഭാഷകളില്‍ കീര്‍ത്തിയ്ക്ക് നിറയെ ആരാധകരാണുളളത്.