1986ല്‍ പത്മരാജന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. സ്‌കൂള്‍ വിദ്യാഭ്യാസ കാലം ബോര്‍ഡിങ്ങിന്റെ കെട്ടുപാടുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥയായിരുന്നു ചിത്രം പറഞ്ഞത്. സാലിയായി ശാരിയും നിമ്മിയായി കാര്‍ത്തികയുമാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ നാല് പതിറ്റാണ്ടിനിപ്പുറം സാലിയും നിമ്മിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.
ശാരിയും കാര്‍ത്തികയും നായികമാരായ ചിത്രം സ്ത്രീസൗഹൃദത്തിന്റെ ആഴങ്ങളെയാണ് അടയാളപ്പെടുത്തിയത്. മോഹന്‍ ലാലാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.ചിത്രത്തിന്റെ തിരക്കഥാപുസ്തകത്തിന്റെ കവര്‍ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ശാരിയും കാര്‍ത്തികയും തിരുവനന്തപുരത്തു കാര്‍ത്തികയുടെ വീട്ടില്‍ വച്ചു വീണ്ടും കണ്ടുമുട്ടിയത്. ആ ആനന്ദ നിമിഷത്തിനു സാക്ഷിയായി പി. പത്മരാജന്റെ പത്‌നി രാധാലക്ഷ്മിയുമുണ്ടായിരുന്നു.
39 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി.അന്ന് സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ശാരി ഫോണില്‍ തിരഞ്ഞ് കണ്ടെത്തിയതോടെ സന്തോഷം ഇരട്ടിയായി. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്നും അന്ന് പത്മരാജന്‍ നേരിട്ടെത്തി വീട്ടുകാരോട് സംസാരിച്ചാണ് വീണ്ടും അഭിനയിച്ചതെന്നും കാര്‍ത്തിക പറയുന്നു.
നേരിട്ട് വന്ന് അദ്ദേഹം ക്ഷണിച്ചപ്പോള്‍ അമ്പരന്നു പോയി. നായക വേഷമാണെന്ന് പറഞ്ഞപ്പോള്‍ അതിലേറെ ഞെട്ടി. നായിക നിമ്മിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് കാര്‍ത്തികയുമായുള്ളതെന്നും ശാരി പറഞ്ഞു. പഴയ അഭിനേത്രിമാരുടെ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിനാലാണ് കൂടിക്കാഴ്ച ഇത്രയും കാലം വൈകിയതെന്നും ശാരി പറഞ്ഞു.
പത്മരാജന്റെ മകന്‍ അനന്ത പത്മനാഭനും ശാരിയ്ക്കും കാര്‍ത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 1985 ന് ശേഷം ഇന്ന് അവര്‍ ആദ്യമായി കണ്ടു. നിമ്മിയും സാലിയും, 'ദേശാടനക്കിളി കരയാറില്ല' തിരക്കഥയുടെ കവര്‍ റിലീസിന്- എന്നാണ് പത്മനാഭന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.