ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈയുടെ മരണത്തില്‍ അനുശോചനവുമായി താരങ്ങള്‍. ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇന്നലെയും സജീവമായിരുന്നു കാര്‍ത്തിക്. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് അംഗമാണ്.
വാലിബനില്‍ വര്‍ക്ക് കഴിഞ്ഞ് ഇന്നലെ രാത്രി ഹോട്ടല്‍ മുറിയിലേക്ക് പോയതായിരുന്നു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.ചലച്ചിത്ര രംഗത്ത് ഡ്രൈവറായി പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്‍ത്തിക്, ഒന്നാമന് എന്ന ചിത്രത്തിലൂടെയാണ് മാനേജരായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കര്‍മ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികള്‍ കൊണ്ടും അദ്ദേഹം സഹപ്രവര്‍ത്തകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് ചെന്നൈയില്‍ നടക്കും.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ കാര്‍ത്തികിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ''സമര്‍ഥനായ ഒരു ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍, സൗമ്യമായ പെരുമാറ്റം കൊണ്ടും കഠിനപ്രയത്നം കൊണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയ, പ്രിയപ്പെട്ട കാര്‍ത്തിക് ചെന്നൈ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. വേദനയോടെ ആദരാഞ്ജലികള്‍.'' മോഹന്‍ലാല്‍ കുറിച്ചു.
സുരേഷ് ഗോപി, മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളെല്ലാം അനുശോചനമറിയിച്ചു.ഒരുപാട് മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ആത്മാര്‍ത്ഥ സേവനം അനുഷ്ഠിക്കുകയും ചെയ്ത സഹപ്രവര്ത്തകന് ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക്കിന് ആദരാഞ്ജലികള്‍!', സുരേഷ് ?ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കാര്‍ത്തിക്കിന് ആദരാഞ്ജലി നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- 'ചെന്നൈയില്‍ നടക്കുന്ന മലയാള സിനിമകളുടെ നിയന്ത്രണ കാര്യദര്‍ശികളില്‍ പ്രധാനിയായിരുന്ന കാര്‍ത്തിക് ചെന്നൈ കര്‍മ്മ മേഖലയിലെ മികവുകൊണ്ടും ഹൃദ്യമായ പെരുമാറ്റ രീതികള്‍ കൊണ്ടും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെയേറെ പ്രിയങ്കരനായിരുന്നു. സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികള്‍.'
നിര്‍മ്മാതാവ് സി വി സാരഥി കുറിച്ചത് ഇങ്ങനെ- 'കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള പേര്. ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാള്‍. സിനിമ കാണുന്ന എല്ലാവര്ക്കും സുപരിചിതമായ പേര്. ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക് ചെന്നൈ ഇനിയില്ല!
'വളരെ വിഷമത്തോടെയാണ് ഈ മരണവാര്‍ത്ത അറിയിക്കുന്നത് ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍ ശ്രീ. കാര്‍ത്തിക് ചെന്നൈ അന്തരിച്ചു.ഇന്നലെ രാത്രിയും ചെന്നൈയില്‍ ചിത്രീകരണം നടക്കുന്ന'മല്ലൈകോട്ടെ വാലിബനില്‍' വര്‍ക്ക് ചെയ്തിട്ട് വീട്ടിലേക്ക് പോയതാണ്. എന്നും വളരെ ഉപകാരിയായ ഒരു സഹപ്രവര്‍ത്തകമായിരുന്നു..എന്റെ സിനിമ ജീവിതം തുടങ്ങുന്നത് മുതല്‍ 30 വര്‍ഷങ്ങളുടെ സൗഹൃദം'' നിര്‍മാതാവ് ഷിബു ജി.സുശീലന് കുറിച്ചു. '