തന്റേടിയായ, കരുത്തുറ്റ കഥാപാത്രങ്ങളെ മലയാള സിനിമയിലും സീരിയലുകളിലും എല്ലാം അഭിനയിച്ചു പ്രതിളങ്ങിയ നടിയാണ് കനകലത. അടുത്ത കാലത്തു വരെ തിളങ്ങിനിന്നിരുന്ന സുന്ദരിയായ ആ നടി ഇപ്പോള്‍ അതിഭീകരമായ രോഗാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഒരു നോക്കു കണ്ടാല്‍ പോലും ഇത് ആ നടിയാണെന്ന് വിശ്വസിക്കുവാന്‍ സാധിക്കാത്ത രൂപത്തിലേക്ക് തലച്ചോറിനെ ബാധിച്ച ആ രോഗം നടിയെ എത്തിച്ചുകഴിഞ്ഞു. വെറും 57 വയസു മാത്രം പ്രായമുള്ള വിവാഹം കഴിഞ്ഞ നടിയെ ഇപ്പോള്‍ പരിചരിക്കുന്നതും ശുശ്രൂഷിക്കുന്നതും എല്ലാം സഹോദരിയാണ്.
കൊല്ലംകാരിയായ കനകലത നാടകത്തിലൂടെയാണ് 13ാം വയസില്‍ സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം മലയാളത്തില്‍ 280ലധികം ചിത്രങ്ങളിലും തമിഴില്‍ 12 ചിത്രങ്ങളിലും അഭിനയിച്ച കനകലത സീരിയലുകളിലും സജീവമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലത്തിലായിരുന്നു നടി അവസാനമായി അഭിനയിച്ചത്. 2021ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന നടിയെ തേടി കൂടുതല്‍ അവസരങ്ങള്‍ സിനിമയിലും സീരിയലുകളിലും എല്ലാം എത്തവേയാണ് അതിവേഗം നടിയുടെ ആരോഗ്യാവസ്ഥ മോശമായത്. നടിയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിനു പിന്നില്‍ അപൂര്‍വ്വമായൊരു രോഗത്തിന്റെ കടന്നു വരവാണെന്ന് അധികമാരും അറിഞ്ഞിട്ടില്ല.
വിവാഹിതയായിരുന്ന കനകലത പതിനഞ്ചു വര്‍ഷത്തോളം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ച് 2005ലാണ് വിവാഹമോചിതയായത്. ആ ബന്ധഅത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. അതിനു ശേഷം സഹോദരി വിജയമ്മയ്ക്കൊപ്പമായിരുന്നു താമസം. എന്നാല്‍, 2021 ഡിസംബര്‍ മാസത്തിലാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെയായിരുന്നു ആദ്യം മാറ്റങ്ങള്‍ കണ്ടത്. ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ അടച്ചു പൂട്ടിയിരുന്നതിനാല്‍ വിഷാദരോഗം പോലെ എന്തെങ്കിലും പ്രശ്നമാവാമെന്നായിരുന്നു ആദ്യം കരുതിയത്. ഉറക്കക്കുറവായിരുന്നു പ്രധാന പ്രശ്നം. ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് വിജയമ്മ പലപ്പോഴും പറഞ്ഞെങ്കിലും കനകലത അതിനു തയ്യാറായില്ല.
ഉറക്കം കുറഞ്ഞതുകൊണ്ടുതന്നെ അതിന്റെ അസ്വസ്ഥതകള്‍ കൂടി വന്നു. പിന്നാലെ സ്ഥിരമായി യോഗ ചെയ്തിരുന്നവള്‍ അത് നിര്‍ത്തി. അങ്ങനെ എട്ടു മാസത്തോളം കഴിഞ്ഞപ്പോഴാണ് ഓഗസ്റ്റില്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടത്. ഡിമെന്‍ഷ്യ അഥവാ മറവി രോഗത്തിന്റെ തുടക്കമാണിതെന്നായിരുന്നു ഡോക്ടര്‍ കണ്ടെത്തിയത്. പിന്നീട് എംആര്‍എ സ്‌കാനിങ് നടത്തിയപ്പോള്‍ തലച്ചോറ് ചുരുങ്ങുകയാണെന്ന് കണ്ടെത്തി. രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവിടെ ഐസിയുവിലായിരുന്നു ചികിത്സ. എന്നിട്ടും അവസ്ഥ കൂടുതല്‍ മോശമാവുകയായിരുന്നു.
ഈ രോഗം വന്നാല്‍ കാലക്രമേണ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഇല്ലാതായി വരും. ഭക്ഷണം കഴിക്കാതാവുമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ ട്യൂബ് ഇടണമെന്നും പറഞ്ഞു. അതുവരെ ഭക്ഷണം അല്‍പസ്വല്‍പം ഭക്ഷണമൊക്കെ കഴിക്കുമായിരുന്നു. പക്ഷേ, ഈ ഏപ്രില്‍ ആയപ്പോഴേക്കും തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. തുടര്‍ന്ന് വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡ് കൊടുക്കുന്നത്.
വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും പറയാനാകില്ല. ഭക്ഷണം വേണോ എന്ന് അങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരിക്കുന്നതെല്ലാം കുറഞ്ഞു. എന്തെങ്കിലും പറഞ്ഞാല്‍ തന്നെ അതിന് വ്യക്തതയുമില്ല. 57കാരി പെട്ടെന്ന് മൂന്നു വയസ്സുകാരിയായ അവസ്ഥ. പൂക്കാലം സിനിമയില്‍ അഭിനയിക്കുമ്പോള്‍ തന്നെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. പക്ഷേ, അത് കാര്യമാക്കിയില്ല. ഇന്ന് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ കനകലതയുടെ രോഗാവസ്ഥയെ കുറിച്ച് അറിയുകയുള്ളൂ. ഇടയ്‌ക്കൊക്കെ സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.