ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കുന്ന സമയവും പുറത്ത് വിട്ടിരിക്കുകയാണ്.
ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുക. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും ഇതിന്റെ ടിക്കറ്റുകള്‍ ലഭ്യമാണ്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഇരുനൂറ് കോടിയോളം രൂപ മുതല്‍ മുടക്കില്‍ ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്‍, ജയപ്രകാശ്, ജഗന്‍, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദന്‍, ബോബി സിന്‍ഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖര്‍.
രവി വര്‍മ്മന്‍ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഗാനങ്ങള്‍, ചിത്രത്തിന്റെ ട്രൈലെര്‍ എന്നിവക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ച ഈ ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുണ്ടെന്നാണ് സൂചന. കമല്‍ഹാസന്‍ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഇന്ത്യന്‍' എന്ന ശങ്കര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇത് കൂടാതെ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യന്‍ 3-യും അണിയറയില്‍ ഒരുങ്ങുകയാണ്.
തിരക്കഥ- ശങ്കര്‍, സംഭാഷണങ്ങള്‍- ബി ജയമോഹന്‍, കപിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍, ആക്ഷന്‍ - അന്‍ബറിവ്, പീറ്റര്‍ ഹെയിന്‍, സ്റ്റണ്ട് സില്‍വ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ജി കെ എം തമിഴ് കുമരന്‍. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ ശബരി.