അച്ഛനാണോ മകനാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ കാളിദാസ് പറയും 'അത് ഞാന്‍ തന്നെ ആയിരിക്കും,' എന്ന്. സിനിമാ പാരഡീസോ ക്ലബ്ബിന്റെ സിപിസി സിനി അവാര്‍ഡ്സിന് അതിഥിയായി എത്തിയതായിരുന്നു കാളിദാസ്. പ്രേക്ഷകരോട് സംവദിക്കവെയയായിരുന്നു ഒരു രസികന്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. 'അച്ഛനാണോ മകനാണോ നല്ല നടന്‍?'ഒട്ടും ആലോചിക്കാതെ കാളിദാസിന്റെ മറുപടിയെത്തി 'അതു ഞാന്‍ തന്നെയായിരിക്കും,' ചിരിച്ചുകൊണ്ടുള്ള കാളിദാസിന്റെ മറുപടി കേട്ട് സദസ്സും പൊട്ടിച്ചിരിച്ചു.
ഇരുവരും ഒന്നിച്ചുള്ള സിനിമ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്നും കാളിദാസ് പറഞ്ഞു.ജയറാമിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം 'കേളി' ആണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ മോശമാകുമ്പോള്‍ നന്നായി വിമര്‍ശിക്കാറുണ്ടെന്നും കാളിദാസ് പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' ആണ് കാളിദാസിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു അര്‍ജന്റീന ആരാധകനായ വിപിനന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ താനൊരു അര്‍ജന്റീന ഫാനോ ബ്രസീല്‍ ഫാനോ അല്ലെന്നും, പക്ഷെ ഏതു ടീമിന്റെ ഫാനാണെന്ന് പറയില്ലെന്നും പറഞ്ഞ് കാളിദാസ് വീണ്ടും സദസ്സിനെ ചിരിപ്പിച്ചു. ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.